നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ വാദത്തെ പൂർണമായും തള്ളി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. നിയമന ഉത്തരവിൽ ഒപ്പുവെച്ച മുഖ്യമന്ത്രി, അനധികൃത നിയമനം നടത്തിയ കെ.ടി ജലീലിനെ പുറത്താക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങളെ യൂത്ത് ലീഗ് പൂർണമായും തള്ളുകയാണ്. മന്ത്രി കെ.ടി ജലീല്‍ നുണ കൊണ്ട് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആരോപിച്ചു. വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയാൻ മന്ത്രിക്ക് സാധിച്ചിട്ടില്ല. സൗത്ത് ഇന്ത്യൻ ബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോർഡ് ആണെന്നും ദേശവത്കൃത ബാങ്ക് ആണെന്നുമുള്ള തെറ്റായ വാദമാണ് മന്ത്രി ഉന്നയിക്കുന്നത്. യോഗ്യത കണക്കാക്കിയാണ് എങ്കിൽ ഇന്റർവ്യൂവിന് എത്തിയ 7 പേരുടെ യോഗ്യത വെളിപ്പെടുത്താൻ മന്ത്രി തയാറാവണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
നിയമന ഉത്തരവിൽ ഒപ്പുവെച്ച മുഖ്യമന്ത്രി കെ.ടി ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാൻ തയ്യാറാവണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. വിഷയത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകും. നിയമനത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും ഫിറോസ് വ്യക്തമാക്കി.