ജയരാജന്‍ തൊടുത്ത അമ്പ് ഇ.പിക്ക് മാത്രമല്ല, പാർട്ടി സെക്രട്ടറിക്കും കൊള്ളും; റിസോർട്ടിന്‍റെ ചരിത്രം ഇങ്ങനെ

Jaihind Webdesk
Saturday, December 24, 2022

കണ്ണൂർ: ആന്തൂർ മുൻസിപ്പാലിറ്റിയിലെ വിവാദ ആയുർവേദ റിസോർട്ടിനെ കുറിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. ഇ.പി ജയരാജന്‍റെ മകൻ ജെയ്സൺ ഡയറക്ടറായ കമ്പനിയുടെ വിവാദ ആയുർവേദ റിസോർട്ട് ഉദ്ഘാടനം ചെയ്തത് ഇ.പി ജയരാജൻ തന്നെയായിരുന്നു. റിസോർട്ടിനായി ആന്തൂർ നഗരസഭ അനുമതി നൽകിയതും നിർമ്മാണപ്രവർത്തനങ്ങൾക്കായി ഏക്കർ കണക്കിന് കുന്നിടിച്ചതും നേരത്തെ വിവാദമായിരുന്നു.

2016 ഒക്ടോബർ 27 ന് ആന്തൂർ നഗരസഭയാണ് റിസോർട്ടിന് കെട്ടിടാനുമതി നൽകിയത്. ഉടുപ്പകുന്ന് ഇടിച്ചുനിരത്തിയുള്ള റിസോർട്ട് നിർമ്മാണത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ കളക്ടർക്ക് അന്ന് പരാതി നൽകിയിരുന്നു. പരാതി പ്രകാരം കളക്ടർ തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും പാരിസ്ഥിതിക ആഘാതം പഠിക്കാൻ ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ട് ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചാണ് റിസോർട്ട് നിർമ്മാണം പൂർത്തിയാക്കിയതെന്ന വിമർശനം അന്ന് തന്നെ ഉയർന്നിരുന്നു.

ഇ.പി ജയരാജന്‍റെ മകൻ ജെയ്സനൊപ്പം വൻവ്യവസായികൾക്കാണ് ആയുർവേദ റിസോർട്ടിൽ പങ്കാളിത്തമുള്ളത്. കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട്. ജെയ്സൺ ആണ് കമ്പനിയുടെ ചെയർമാൻ. 25 ലക്ഷം രൂപയുടെ 2500 ഓഹരികളാണ് ഇ.പി ജയരാജന്‍റെ മകനുള്ളത്. 2014 ലാണ് അരോളിയിൽ ഇ.പി ജയരാജന്‍റെ വീടിന് തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്‍റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ.പി ജയരാജന്‍റെ മകൻ ജെയ്സണാണ് കമ്പനിയിൽ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടർ. തലശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി.

ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ ശ്യാമള ആന്തൂർ നഗരസഭാ ചെയർപേഴ്സൺ ആയിരുന്ന വേളയിൽ ഈ റിസോർട്ടിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപ്രശ്നമില്ലാതെ പരിഹരിച്ചു നൽകിയിരുന്നു. അതിനെതിരെ ഉയർന്ന പരാതിയിൽ പി.കെ ശ്യാമളയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി ഇ.പി ജയരാജനെ മാത്രമല്ല എം.വി ഗോവിന്ദനെയും പ്രതിക്കൂട്ടിലാക്കും. അതിനാൽ പരാതിയിൽ കൂടുതൽ നടപടി പാർട്ടിയിൽ നിന്ന് ഉണ്ടാകാൻ സാധ്യത ഇല്ല.