ശ്രീ എമ്മിന് ഭൂമി നൽകിയവരാണ് മറുപടി പറയേണ്ടത് ;  സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കി പി.ജയരാജൻ

Jaihind News Bureau
Wednesday, March 3, 2021

P-Jayarajan

 

കണ്ണൂർ : ശ്രീ എമ്മുമായി ബന്ധപ്പെട്ട ആർഎസ്എസ് ചർച്ച വിവാദത്തിൽ സിപ എമ്മിനെ വീണ്ടും വെട്ടിലാക്കി പി.ജയരാജൻ. ആർ എസ് എസുമായി ചർച്ച നടത്തിയിട്ടില്ലെന്ന എം വി ഗോവിൻ്റെ നിലപാട് തളളി പി. ജയരാജൻ ഇന്നും രംഗത്തെത്തി. അതേസമയം ചർച്ചയെ ന്യായീകരിച്ച് മന്ത്രി എ.കെ. ബാലനും രംഗത്ത് വന്നു.

ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ മുഖ്യമന്ത്രി ആർഎസ്എസ് നേത്യത്യവുമായി ചർച്ച നടത്തിയിട്ടില്ലെന്ന എം വി ഗോവിൻ്റെ നിലപാട് പൂർണമായും തള്ളുകയാണ് പ്രമുഖ സി പി എം നേതാവ് പി. ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലും ജയരാജൻ തൻ്റെ നിലപാട് ആവർത്തിച്ചു. ചർച്ച നടന്നിട്ടില്ലെന്ന എം.വി ഗോവിന്ദൻ്റെ പ്രതികരണം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അത് അദ്ദേഹത്തോട് ചോദിക്കണം എന്നായിരുന്നു ജയരാജന്‍റെ  മറുപടി.

ചർച്ചയുടെ ഭാഗമായി ശ്രീ എം മുഖ്യമന്ത്രിയെയും ആർഎസ്എസ് നേതാക്കളെയും സിപിഎം നേതാക്കളെയും കണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും തുടർന്ന് കണ്ണൂരും ചർച്ചകൾ നടത്തിയത്. ചർച്ചയിൽ സമാധാനഭംഗം ഉണ്ടാകാതിരിക്കാൻ ഇടപെടലുണ്ടാകണമെന്ന് തീരുമാനമെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂരും തലശ്ശേരിയിലും സമാധാന യോഗങ്ങൾ നടത്തുകയും ചെയ്തിരുന്നതായും ജയരാജൻ ചുണ്ടിക്കാട്ടി.

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം-ആർഎസ്എസ് നേതാക്കൾ തമ്മിലുള്ള ചർച്ചയ്ക്ക് ആത്മീയാചാര്യൻ ശ്രീ എം മധ്യസ്ഥത വഹിച്ചതായുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന വാദവുമായി എം.വി ഗോവിന്ദൻ രംഗത്ത് എത്തിയത്. ഇതിനു പിന്നാലെ ചർച്ച നടന്നതായി ശ്രീ എമ്മും സ്ഥിരീകരിച്ചതോടെ സി.പി എം വെട്ടിലായി. അതേസമയം ചർച്ചയെ ന്യായീകരിച്ച് മന്ത്രി എ.കെ.ബാലൻ രംഗത്ത് എത്തി. ആർ.എസ്.എസുമായി ചർച്ച നടത്തുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.