കണ്ണൂർ : പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പ്രതിഷേധം. സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി പിജെ ആർമി രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ പി ജയരാജനായി ക്യാമ്പെയ്നിംഗ് തുടങ്ങിയിട്ടുണ്ട്. പിജെ ആർമി ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധസൂചകമായി സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്‍റ് ധീരജ് കുമാർ സ്ഥാനം രാജി വെച്ചു. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്നും വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും ധീരജ് അറിയിച്ചു.
സി.പി.എം മുൻ കണ്ണൂർ ജില്ല സെക്രട്ടറിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെതിരായ പ്രതിഷേധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പ്രതിഷേധ സൂചകമായാണ് ധീരജ് കുമാർ സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജി വെച്ചത് . പി ജയരാജൻ്റെ സന്തത സഹചാരിയും സി.പി.എം പ്രവർത്തകനുമാണ് ധീരജ്. പി ജയരാജന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് ഇടയിലും, പൊതുജനങ്ങൾക്കിടയിലും പ്രതിഷേധം ഉണ്ടെന്നും ആ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ധീരജ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റവർ മത്സരിക്കേണ്ടെന്ന് പറഞ്ഞ് എം.ബി രാജേഷ് ഉൾപ്പടെയുള്ളവരെ മത്സരിപ്പിക്കുവാനുള്ള പാർട്ടി തീരുമാനത്തെയും ഇവർ ചോദ്യം ചെയ്യുന്നു. പി ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ധീരജ് കുമാർ ഉൾപ്പടെയുള്ളവരെ സിപിഎമ്മിൽ കൊണ്ടുവന്നത്. അമ്പാടി മുക്കിൽ നിന്നും ധീരജിന്‍റെ നേതൃ ത്വത്തിലായിരുന്നു ബി.ജെ.പി – ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മിൽ എത്തിയത്. പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പ്രതിഷേധം ശക്തമാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്.