P JAYARAJAN| നിലപാട് തിരുത്തി പി.ജയരാജന്‍; അദ്ദേഹം പറഞ്ഞത് റവാഡയെ അനുകൂലിച്ചായിരുന്നുവത്രെ; ഇപ്പോള്‍ പഴി മാധ്യമങ്ങള്‍ക്കും

Jaihind News Bureau
Wednesday, July 2, 2025

ഡിജിപി നിയമന വിഷയത്തില്‍ യൂടേണ്‍ അടിച്ച് പി.ജയരാജന്‍. മാധ്യമങ്ങള്‍ക്കു മുന്നിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. താന്‍ പറഞ്ഞത് റവാഡയെ അനുകൂലിച്ചായിരുന്നുവെന്നാണ് പുതിയ നിലപാട്. ഡിജിപി വിവാദത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചില്ലെന്നും മാധ്യമങ്ങള്‍ തന്നെ വന്ന് കാണുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചതിലിള്ള മന്ത്രിസഭ തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചിട്ടില്ലത്രെ. താന്‍ ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ പി.ജയരാജന്റെ വിശദീകരണം വന്നപ്പോള്‍ പഴി മാധ്യമങ്ങള്‍ക്കായി.

കൂത്തുപ്പറമ്പ് വെടിവയ്പ്പ് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് റവാഡ ചുമതല ഏല്‍ക്കുന്ന ദിവസം പി.ജയരാജന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. കണ്ണൂര്‍ കൂത്തുപ്പറമ്പ് ഡിവൈഎഫ്‌ഐ നേതാക്കളുടെ ജീവനെടുക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെ പോലീസ് മേധാവിയാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. പട്ടികയിലെ മറ്റു രണ്ട് പോരെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അത് സര്‍്ക്കാരിനോട് ചോദിക്കെന്നാണ് ജയരാജ് മറുപടി നല്‍കിയത്. പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തു വരുന്ന മറ്റൊരു വിഷയമായി ഇത് മാറിയെന്നായപ്പോള്‍ അദ്ദേഹം ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്.