ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം:  ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 100 വയസായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കോളേജ് വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ഠിച്ചു. പത്മശ്രീ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീട് കേരളത്തിലെത്തിയ ഗാന്ധിജിയെ നേരിൽ കണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ചു. കോളേജ് കാലം മുതൽക്ക് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.

ഗാന്ധിയൻ സന്ദേശവുമായി രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുണ്ട് അദ്ദേഹം. പഞ്ചാബില്‍ സിഖ് – ഹിന്ദു സംഘര്‍ഷ സമയത്ത് ശാന്തി സന്ദേശവുമായി സന്ദർശിച്ചിരുന്നു. 1951ൽ കെ കേളപ്പന്റെ അധ്യക്ഷതയിൽ രൂപം കൊണ്ട ഗാന്ധി സ്മാരക നിധിയിൽ സ്ഥാപക അംഗമായി. പിന്നീട് ഗാന്ധി സ്മാരക നിധിയുടെ അധ്യക്ഷ സ്ഥാനത്തെത്തി.

ഗാന്ധിയന്മാരുടെ സംഘടനയായ സർവോദയ സമാജം രൂപീകരിക്കുന്നതിൽ പങ്ക് വഹിച്ചു. വാര്‍ധയിലെ സേവാഗ്രാം ആശ്രമത്തിന്‍റെ പ്രസിഡന്‍റായി 11 വര്‍ഷം പ്രവര്‍ത്തിച്ചു. സർവസേവാസംഘത്തിന്റെ ദേശീയ പ്രസിഡന്റായ ഏക മലയാളിയാണ്. 2016ല്‍ പത്മശ്രീ ലഭിച്ചു.

Comments (0)
Add Comment