കേസ് കെട്ടിച്ചമച്ചതെന്ന് പി ചിദംബരം; AICC ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടു

Jaihind Webdesk
Wednesday, August 21, 2019

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് മുന്‍ മന്ത്രി പി ചിദംബരം. കേന്ദ്ര സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും ചിദംബരം എ.ഐ.സി.സി ആസ്ഥാനത്തെത്തി മാധ്യമങ്ങളെ കാണവേ വ്യക്തമാക്കി. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബാംഗങ്ങളോ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തനിക്കെതിരെ കുറ്റപത്രമില്ലെന്നും ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും പി ചിദംബരം പറഞ്ഞു.

അന്വേഷണ ഏജന്‍സിയായ സി.ബി.ഐ നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണം. തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചിദംബരം പറഞ്ഞു. ഒളിവിലാണെന്നുള്ള വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ ഒളിച്ചോടിയിട്ടില്ല. ഇന്നു മുഴുവന്‍ കോടതി നടപടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തില്‍നിന്ന് ഒളിച്ചോടുന്നതിനു പകരം നിയമത്തിന്‍റെ സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുവരെ സി.ബി.ഐയുടെ ഭാഗത്തുനിന്ന് മറിച്ചൊരു നീക്കവും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.