മാധ്യമങ്ങൾക്ക് വിലങ്ങിടാന്‍ സംസ്ഥാന സർക്കാർ കൊണ്ടു വന്ന നിയമ ഭേദഗതിയെ പരിഹസിച്ചും, ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ചും കോൺഗ്രസ് നേതാവ് പി. ചിദംബരം.
സാമൂഹിക മാധ്യമങ്ങളിൽ കുറ്റകരം ആയ പോസ്റ്റിട്ടാൽ അഞ്ചു വർഷം തടവ് നൽകുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന്‍റെ തീരുമാനം ഞെട്ടിക്കുന്നതാണ്. സെബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയേയും ഇത്തരം ക്രൂരമായ തീരുമാനങ്ങളെയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ചോദിച്ചു. അതേ സമയം രമേശ് ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണ പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയിലാണ് ചിദംബരം വിമർശിച്ചത്. അന്വേഷണ ഏജൻസി നാല് തവണ അവസാനിപ്പിച്ച് റിപ്പോർട്ട് ചെയ്ത കേസിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേർക്കാൻ ശ്രമിച്ചതും ഞെട്ടിച്ചു. ‘എന്‍റെ സുഹൃത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ക്രൂരമായ തീരുമാനങ്ങളെ എങ്ങനെ പ്രതിരോധിക്കും’, ചിദംബരം ട്വീറ്റ് ചെയ്തു.