പരമ്പരാഗത കാഴ്ചപ്പാടുകൾ മാറ്റി വിപ്ലവകരമായ കുതിച്ച് ചാട്ടത്തിനാണ് കേരളം ലക്ഷ്യം വയ്ക്കേണ്ടതെന്ന് പി ചിദംബരം

Jaihind News Bureau
Friday, October 2, 2020

പുതിയ കേരളത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പരമ്പരാഗത കാഴ്ചപ്പാടുകൾ മാറ്റി വിപ്ലവകരമായ കുതിച്ച് ചാട്ടത്തിനാണ് ലക്ഷ്യം വയ്ക്കേണ്ടതെന്ന് മുൻ കേന്ദ്ര മന്ത്രി പി ചിദംബരം. കേരളത്തിന്‍റെ ഭാവി വികസനത്തിന് പുതിയ നിർദേശങ്ങൾ എല്ലാ മേഖലയിൽ നിന്നും ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്‌മെന്‍റ് സ്റ്റഡീസിന്‍റെ നേതൃത്വത്തിലുളള പ്രതീക്ഷ 2030 വികസന സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി. ചിദംബരം.

വികസന രംഗത്ത് കേരളത്തിന് അനന്ത സാധ്യതകളാണ് ഉളളതെന്ന് പി. ചിദംബരം അഭിപ്രായപ്പെട്ടു. വികസന രംഗത്ത് വിപ്ലവകരമായ കുതിച്ച ചാട്ടമാകണം നാം ലക്ഷ്യംവയ്ക്കേണ്ടത്. സാക്ഷരതാ നിരക്കിലും മാനവശേഷിയുടെ കാര്യത്തിലും മുൻ പന്തിയിലുള്ള കേരളത്തിന് ഈ നേട്ടം കൈവരിക്കാനാകും. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്‌സ്, റോബോട്ടിക്‌സ് തുടങ്ങിയവിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതീക്ഷ 2030 വികസന സമ്മിറ്റ് കേരളത്തിന്‍റെ വികസന മുന്നേറ്റത്തിന് ദിശാബോധം നൽകുന്നതാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ജി.എസ്.ടിയിൽ നിന്നുള്ള വരുമാനം മാത്രമാണ് സർക്കാർ ആശ്രയിക്കുന്നതെന്നും പുതിയ വരുമാന സ്രോതസുകളോ പദ്ധതികളോ ആവിഷ്‌ക്കരിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ സാധ്യതകൾ പ്രയോജപ്പെടുത്തിന്നില്ലെന്നും വിവാദങ്ങളല്ല വികസനമാണ് വേണ്ടതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കെ.പി.സിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ,രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ് സ്റ്റഡീസ് ഡയറക്ടർ ബി.എസ് ഷിജു, എന്നിവർക്ക് പുറമെ നിരവധി പ്രവാസി മലയാളികളും സമ്മിറ്റിൽ പങ്കെടുത്തു. പൂർണമായും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടന്ന സമ്മിറ്റിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മോഡറേറ്റർ ആയി.

കേരളത്തിന്‍റെ 2030 വരെയുള്ള വികസനത്തിന് വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായവും നിർദേശങ്ങളും സ്വരൂപിക്കുകയാണ് പ്രതീക്ഷ 2030 ലൂടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്‍റ് സ്റ്റഡീസ് ലക്ഷ്യമിടുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ചർച്ചകളിൽ ഉയരുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് കേരള വികസന രൂപരേഖ 2030 പുറത്തിറക്കും.

അഞ്ച് ഘട്ടങ്ങൾ നീണ്ടുനിൽക്കുന്നതാണ് ‘പ്രതീക്ഷ 2030’ സമ്മിറ്റ്. വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യഘട്ടമാണ് ഇന്ന് ആരംഭിച്ചത്.

ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു, കൊൽക്കത്ത, ഹൈദരാബാദ് എന്നീ ആറു നഗരങ്ങളിലെ മലയാളികളെ ഉൾപ്പെടുത്തികൊണ്ടുള്ളതാണ് രണ്ടാം ഘട്ടം. കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന ആശവിനിമയങ്ങളാകും മൂന്നാം ഘട്ടം. നാലാം ഘട്ടം വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായുള്ള ആശയവിനിമയമാണ്. ഓരോ മേഖലയും നേരിടുന്ന പ്രതിസന്ധികൾ, അവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവ ഈ ഘട്ടത്തിൽ ചർച്ചാവിഷയമാകും.

അഞ്ചാം ഘട്ടം ‘പ്രതീക്ഷ 2030 കേരള വികസന സമ്മിറ്റ്’ ആണ്. വിവിധ ഘട്ടങ്ങളിലായി ലഭിച്ച അഭിപ്രായങ്ങളുടേയും നിർദ്ദേശങ്ങളുടേയും അടിസ്ഥാനത്തിൽ ഒരു കരട് വികസന രേഖ തയാറാക്കും. ഇതിന്മേലായിരിക്കും സമ്മിറ്റിലെ ചർച്ച. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള പ്രമുഖർ ഈ ചർച്ചകളിൽ പങ്കെടുക്കും. ചർച്ചകളിൽ ഉയരുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സമിറ്റിന് ഒടുവിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് കേരള വികസന രൂപരേഖ 2030 പുറത്തിറക്കും.