ഒരു ദിവസത്തെ ഓക്സിജന് 45,600 രൂപ ; സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ; ആരോഗ്യവകുപ്പിനോടും കളക്ടറോടും റിപ്പോർട്ട് തേടി

Jaihind Webdesk
Thursday, May 6, 2021

 

തിരുവനന്തപുരം : കൊവിഡ് ചികിത്സയുടെ പേരിൽ ചില സ്വകാര്യാശുപത്രികൾ ഉയർന്ന  തുക ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45,600 രൂപ ഈടാക്കിയെന്നാണ് പരാതി. പരാതിയെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറും തിരുവനന്തപുരം ജില്ലാ കളക്ടറും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് ഹാജരാക്കണം. കേസ് മേയ് 28 ന് പരിഗണിക്കും.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേരള- തമിഴ്നാട് അതിർത്തിയിലെ ഒരു സ്വകാര്യാശുപത്രിയിലാണ് ഇത്തരത്തിൽ കൊള്ള നിരക്ക് ഈടാക്കിയത്. കഴിഞ്ഞ മാസം 27 ന് ഈ ആശുപത്രിയിൽനിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റിയ രോഗിക്കാണ് ഒരു ദിവസത്തെ ഓക്സിജന് 45,600 രൂപ ഈടാക്കിയത്. ഒരേ പിപിഇ കിറ്റാണ് ജീവനക്കാർ ധരിക്കുന്നതെങ്കിലും ഓരോ രോഗിയിൽനിന്നും പിപിഇ കിറ്റിന് പണം ഈടാക്കുന്നതായും പരാതിയുണ്ട്.