വയനാട്ടിലെ ക്ലിപ്പി മൈ സാൻഡ് കമ്പനി ഉടമയെ കാണാനില്ലെന്ന് കുടുംബത്തിന്‍റെ പരാതി

Jaihind News Bureau
Wednesday, December 4, 2019

വയനാട്ടിലെ ക്ലിപ്പി മൈ സാൻഡ് കമ്പനി ഉടമയെ കാണാനില്ലെന്ന് കുടുംബത്തിന്‍റെ പരാതി. ക്രഷറുകൾ പൂട്ടിയതോടെ സാമ്പത്തികബാധ്യതയിലായ ക്ലിപ്പി എന്നയാളെ കാണാതായതായാണു കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതി. കർണാടകയിലെ ഇദ്ദേഹത്തിന്‍റെ ഉടമസ്ഥയിലുള്ള ക്രഷറിൽ നിന്ന് യന്ത്രങ്ങളുൾപ്പെടെ പാർട്ട്‌ണേഴ്‌സ് മോഷ്ടിക്കുന്നുവെന്നും ആത്മഹത്യമാത്രമാണു മുന്നിലെന്നും പറയുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണു ക്ലിപ്പിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയത്.

പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അമ്പലവയലിൽ അടച്ചിടാൻ നിർദ്ദേശിച്ച മണൽ ഉൽപാദക യൂണിറ്റിന്റെ ഉടമയാണു ക്ലിപ്പി. മൈ സാന്റ് ഉടമ കൂടിയായ ക്ലിപ്പിക്ക് കർണ്ണാടകയിലും ക്രഷർ യൂണിറ്റുണ്ട്.12 കോടി രൂപ അവിടെ മുതൽമുടക്കിയെങ്കിലും അവിടെ പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ പിന്തുണയോടെ മറ്റ് കൂട്ടു സംരഭകർ ചതിച്ചെന്നും ഇപ്പോൾ വൻ വിലയുള്ള യന്ത്രങ്ങൾ അവിടെ നിന്നും മോഷ്ടിക്കുകയാണെന്നും ഫേസ് ബൂക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ക്ലിപ്പി പറഞ്ഞിരുന്നു. വലിയ സമ്പത്തിക ബാധ്യതയിലായ താനിപ്പോൾ ദുബായിലാണെന്നും നാട്ടിലേക്ക് തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിലാണെന്നും ക്ലിപ്പി പറയുന്നുണ്ട്.

ഇതിനു പിന്നാലെ ക്ലിപ്പി യെ കാണാതായതായി കുടുംബം പരാതിനൽകുകയായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഇദ്ദേഹത്തെക്കുറിച്ച് അറിവൊന്നുമില്ലെന്ന് മെബൈലിലോ വാട്‌സാപ്പിലോ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു.

കർണ്ണാടകയിൽ നിന്നുള്ള ഗുണ്ടാസംഘങ്ങൾ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ  ഭയത്തോടെയാണു കഴിയുന്നതെന്നും പോലീസ് സഹായിക്കണമെന്നും പരാതിയിലുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ടിന് ക്ലിപ്പിയുടെ ഭാര്യയും മകളും പരാതി നൽകി. കൂടാതെ ഡിജിപിക്കും മുഖ്യമന്ത്രിക്കും ഈ മെയിലിലും കുടുംബം പരാതിനൽകിയിട്ടുണ്ട്.