‘ബേട്ടി പഠാവോ’ പറയുന്നവര്‍ 4 വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 51,629 സർക്കാർ സ്‌കൂളുകൾ; ആശങ്കയുടെ പുതിയ മുഖമെന്ന് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ആശങ്കാജനകമെന്ന് രാഹുല്‍ ഗാന്ധി. ബേട്ടി പഠാവോ പറയുന്നവര്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 51,629 സര്‍ക്കാര്‍ സ്കൂളുകളാണ്. അതേസമയം 14,993 പുതിയ സ്വകാര്യ സ്ഥാപനങ്ങള്‍ ഈ കാലയളവില്‍ ഉയർന്നുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  ഭൂരിഭാഗം കുട്ടികളുടെയും വിദ്യാഭ്യാസത്തിന്‍റെ ഏക ആശ്രയം സർക്കാർ സ്കൂളുകളാണ്.  സര്‍ക്കാര്‍ സ്കൂളുകളില്‍ പുതിയ അധ്യാപകരെ നിയമിച്ച് കൂടുതൽ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് പകരം സ്‌കൂളുകൾ പൂട്ടുകയാണ് ചെയ്യുന്നത്.

രാജ്യത്തെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ കേന്ദ്ര സർക്കാരിന്‍റെ ദയനീയമായ പരാജയമാണിത് കാണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ‘പുതിയ ഇന്ത്യയുടെ’ ആശങ്കാജനകമായ പുതിയ മുഖമാണിതെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment