കൊച്ചിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാൽപ്പതോളം പേർ അറസ്റ്റില്‍; അറസ്റ്റ് കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് പ്രകാരം

Jaihind News Bureau
Saturday, April 4, 2020

ലോക് ഡൗണ്‍ ലംഘിച്ച്‌ പ്രഭാത നടത്തത്തിന് ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം 41 പേരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.കൊച്ചി നഗരത്തിലെ പനമ്പള്ളി നഗറിലെ വാക്ക് വേയില്‍ വെച്ചാണ് രാവിലെ ഇവരെ അറസ്റ്റ് ചെയ്തത്.അതേസമയം ലോക്ക് ഡൗണ്‍ നിയന്ത്രണത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയ ഫ്രഞ്ച് പൗരന്മാര്‍ നെടുമ്പാശ്ശേരിയിൽ നിന്നും പ്രത്യേക വിമാനം വഴി നാട്ടിലേക്ക് മടങ്ങി .

കൊച്ചി പൊലീസ് രാവിലെ ഡ്രോണ്‍ നിരീക്ഷണം നടത്തുമ്പോഴാണ് കൂട്ട നടത്തം ശ്രദ്ധയിൽ പ്പെട്ടത്.തുടര്‍ന്ന് പൊലീസെത്തി കൂട്ട അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എപ്പിഡെമിക് ഡീസീസസ് ആക്‌ട് അനുസരിച്ച്‌ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. പതിനായിരം രൂപ പിഴയും 2 വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

സംസ്ഥാനസര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തന്നെ രാവിലെ പ്രഭാതനടത്തത്തിനോ, വൈകിട്ട് സായാഹ്നസവാരിക്കോ പോകരുത് എന്ന് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവരോട് വ്യായാമത്തിന് വരരുതെന്ന് പോലീസ് നിർദേശിച്ചിരുന്നു .ഇത് ലംഘിച്ചാണ് ഇവർ ഇന്ന് വീണ്ടുമെത്തിയത്. അതേ സമയം ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയ ഫ്രഞ്ച് പൗരന്മാർ നാട്ടിലേക്ക് മടങ്ങി.കൊച്ചി അന്താരഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇവര്‍ പാരീസിലേയ്ക്ക് പുറപ്പെട്ടത് .
ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദസഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിലാണ് യാത്രയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇരുസംസ്ഥാനങ്ങളിലുമായി കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരാണ് നാട്ടിലേക്ക് മടങ്ങിയത് .

ടൂറിസ്റ്റ് വിസയില്‍ മാര്‍ച്ച്‌ 11 ന് മുന്‍പ് സംസ്ഥാനത്തെത്തിയവരാണ് ഇവര്‍. വിനോദ സഞ്ചാരികളായും, ആയുര്‍വേദ ചികിത്സയ്ക്ക് വേണ്ടിയും എത്തിയ സംഘത്തില്‍ മൂന്ന് വയസുകാരന്‍ മുതല്‍ 85 വയസുള്ളവര്‍ വരെയുണ്ട്