ഉത്തർപ്രദേശിലും ബീഹാറിലും മഴയും വെള്ളപ്പൊക്കവും തുടരുന്നു; മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു

Jaihind News Bureau
Tuesday, October 1, 2019

ഒരാഴ്ചയായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തർപ്രദേശിലും ബീഹാറിലും മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു. പ്രളയ ബാധിത മേഖലകളിൽ റെഡ് അലർട്ട് തുടരുകയാണ്. ബീഹാറിലെ ജില്ലാ ജയിലിൽ വെള്ളം കയറിയതിനെത്തുടർന്ന് 900 ഓളം തടവുകാരെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി.

മഴ ഒരു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബീഹാർ മുഖ്യമന്ത്രി നീതീഷ് കുമാർ വ്യോമസേനയുടെ സഹായം തേടി. ഉത്തർപ്രദേശിനും ബിഹാറിനുമിടയിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ആറെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. ഉത്തർപ്രദേശിൽ ബീഹാറിനോടു ചേർന്നുള്ള ബലിയ, വാരാണസി, ജോൻപുർ ജില്ലകളെയാണ് മഴ കൂടുതൽ ബാധിച്ചത്. ബീഹാറിന്‍റെ തലസ്ഥാനമായ പട്ന പ്രളയത്തിൽ മുങ്ങി. 100 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം നിറഞ്ഞു.

ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡിയെയും കുടുംബത്തെയും പട്നയിലെ വീട്ടിൽ നിന്ന് ദേശീയ ദുരന്ത നിവാരണ സേന രക്ഷിച്ചു. അതേസമയം ഇന്ത്യയിൽ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ നിരീക്ഷിച്ചു. കഴിഞ്ഞ 25 വർഷത്തിനിടയിലെ കൂടിയ മഴയാണ് ഈ മൺസൂണിൽ പെയ്തത് . ഇന്നലെയോടെ മൺസൂൺ അവസാനിച്ചെങ്കിലും വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.