ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം കനത്ത നഷ്ടം രേഖപ്പെടുത്തിയ മാസമായിരുന്നു ആഗസ്റ്റ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം കച്ചവടം രേഖപ്പെടുത്തിയ മാസമാണ് കഴിഞ്ഞു പോയതെന്ന് ഓട്ടോമൊബൈല്‍ കമ്പനികള്‍ പറയുന്നു. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ജി.എസ്.ടി നിരക്കില്‍ ഇളവ് വരുത്തണമെന്നും വാഹന നിര്‍മ്മാണ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ ഇടപെടല്‍ ഇനിയും വൈകിയാല്‍ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇപ്പോള്‍ തന്നെ പതിനയ്യായിരത്തോളം കരാര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതായിക്കഴിഞ്ഞുവെന്നും സാമ്പത്തിക പ്രതിസന്ധി അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം മേഖലയിലെ തൊഴില്‍നഷ്ടം രൂക്ഷമായ പ്രശ്നമായി മാറുമെന്നും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിസന്ധി തരണംചെയ്യുന്നതിന് സാധ്യമായതെല്ലാം സൊസൈറ്റി ചെയ്യുകയാണെന്നും ദിനംപ്രതി രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ അടിയന്തിരമാണെന്നും സൊസൈറ്റി ആവശ്യപ്പെട്ടു. നികുതിയില്‍ ഇളവ് വരുമെന്ന് കരുതി ഉപഭോക്താക്കളെല്ലാം വാഹനം വാങ്ങല്‍ നീട്ടിവെച്ചിരിക്കുകയാണ്. പാസഞ്ചര്‍ വാഹനങ്ങളുടെ കച്ചവടം ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വില്‍പ്പനയിലൂടെയാണ് പോവുന്നത്. വലിയ തുക, വായ്പ ലഭിക്കാതിരിക്കല്‍, കാര്‍ഷിക പ്രതിസന്ധി എന്നിവയൊക്കെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.