ഓസ്കാർ : ചരിത്രം കുറിച്ച് ക്ലൂയി ചാവോയുടെ നൊമാഡ്‌ലാന്‍ഡ് ; ആന്തണി ഹോപ്കിൻസ്, മെക്ഡോർമൻഡ് മികച്ച അഭിനേതാക്കൾ

Jaihind Webdesk
Monday, April 26, 2021

ലോസ് ആഞ്ജലീസ്: ഓസ്‌ക്കറില്‍ ചരിത്രം കുറിച്ച് ചൈനീസ് സംവിധായിക ക്ലൂയി ചാവോയുടെ നൊമാഡ്‌ലാന്‍ഡ്. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ചനടി എന്നിവയടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് നൊമാഡ്‌ലാന്‍ഡ് നേടിയത്. ഓസ്‌ക്കറില്‍ മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയായിരിക്കുയാണ് ക്ലൂയി ചാവോ.

ദി ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്തണി ഹോപ്കിന്‍സ് മികച്ച നടനായി. ആറു തവണ നോമിനേഷന്‍ ലഭിച്ച ഹോപ്കിന്‍സ് ഇത് രണ്ടാം തവണയാണ് മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്. 1992ല്‍ ദി സൈലന്‍സ് ഓഫ് ദി ലാമ്പിലെ അഭിനയത്തിനായിരുന്നു ഇതുമുന്‍പ് പുരസ്‌കാരം ലഭിച്ചത്.

റിസ് അഹമ്മദ്, ചാഡ്‌വിക് ബോസ്മാന്‍, ഗാരി ഓള്‍ഡ്മാന്‍, സ്റ്റീവന്‍ യ്യൂന്‍ എന്നിവരെ മറികടന്നാണ് ഇക്കുറി ഹോപ്കിന്‍സ് മികച്ച നടനായത്.

നൊമാഡ്‌ലാന്‍ഡിലെ ഫേണിനെ അവതരിപ്പിച്ച ഫ്രാന്‍സെസ് മെക്‌ഡോര്‍മന്‍ഡ് മികച്ച നടിയായി. മെക്‌ഡോര്‍മന്‍ഡിന്‍റെ നാലാമത്തെ ഓസ്‌ക്കറാണിത്. 1997ല്‍ ഫാര്‍ഗോ, 2018ല്‍ ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൂറി എന്നിവയ്ക്കായിരുന്നു ഇതിന് മുന്‍പ് പുരസ്‌കാരം ലഭിച്ചത്. മൊത്തം ഏഴ് തവണ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

വയോള ഡേവിസ്, ആന്‍ഡ്ര ഡേ, വനേസ കിര്‍ബി, കാരി മള്ളിഗന്‍ എന്നിവരെയാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന്റെ മത്സരത്തില്‍ മക്‌ഡോര്‍മന്‍ഡ് മറികടന്നത്.

ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയല്‍ കലൂയ മികച്ച സഹനടനായി. മിനാരി എന്ന ചിത്രത്തിലെ അഭിനയത്തിന് ദക്ഷിണ കൊറിയന്‍ നടയിയാ യൂ ജുങ് യൂങ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ അഭിനേതാവ് ഓസ്‌ക്കര്‍ പുരസ്‌കാരം നേടുന്നത്. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം അനഥര്‍ റൗണ്ട് സ്വന്തമാക്കി.

ഓസ്‌ക്കര്‍ ജേതാക്കള്‍

മികച്ച ചിത്രം: നൊമാഡ്‌ലാന്‍ഡ്
മികച്ച നടൻ: ആന്തണി ഹോപ്കിൻസ് (ചിത്രം-ദി ഫാദർ)
മികച്ച നടി: മെക്ഡൊർമൻഡ് (ചിത്രം-നൊമാഡ്ലാൻഡ്)
സംവിധാനം: ക്ലോളി ചാവോ (നൊമാഡ്‌ലാന്‍ഡ്)
സഹനടി: യുങ് ജുങ് (മിനാരി)
സഹനടന്‍: ഡാനിയല്‍ കലൂയ (ജൂദാസ് ആന്‍ഡ് ബ്ലാക്ക് മെസയ്യ)
അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രം: അനഥര്‍ റൗണ്ട്
ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം: സോള്‍
ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: മൈ ഒക്ടപസ് ടീച്ചര്‍
ഒറിജിനല്‍ സ്‌കോര്‍: സോള്‍
ഒറിജിനല്‍ സോങ്: ഫൈറ്റ് ഫോര്‍ യു ( ജൂദാസ് ആന്‍ഡ് ബ്ലാസ് മെസയ്യ)
ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ: പ്രോമിസിങ് യങ് വുമണ്‍
അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ: ദി ഫാദര്‍
ഛായാഗ്രഹണം: മന്‍ക്
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം
കോസ്റ്റിയൂം ഡിസൈന്‍: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം
ഫിലിം എഡിറ്റിങ്: സൗണ്ട് ഓഫ് മെറ്റല്‍
സൗണ്ട്: സൗണ്ട് ഓഫ് മെറ്റല്‍
ലൈവ് ആക്ഷന്‍ ഷോര്‍ട്ട്: ടു ഡിസ്റ്റന്റ് സ്ട്രയ്‌ഞ്ചേഴ്‌സ്.
ആനിമേറ്റഡ് ഷോര്‍ട്ട്: ഇഫ് എനിത്തിങ് ഹാപ്പന്‍സ് ഐ ലവ് യു
ഡോക്യുമെന്ററി ഷോര്‍ട്ട്: കൊളെറ്റ്
വിഷ്വല്‍ ഇഫക്റ്റ്‌സ്: ടെനെറ്റ്.
പ്രൊഡക്ഷന്‍ ഡിസൈന്‍: മന്‍ക്.