ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി സൂചന

Jaihind Webdesk
Thursday, August 1, 2019

ഭീകരസംഘടന അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി സൂചന. അധികൃതരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടെങ്കിലും മരണം നടന്ന സ്ഥലത്തെ കുറിച്ചോ തീയതിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രാവിലെ ആദ്യ റിപ്പോര്‍ട്ട് വന്നെങ്കിലും വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിരീകരണം ലഭിച്ചെന്ന് അവകാശപ്പെട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ യു.എസിനു പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അതേസമയം, ഹംസയുടെ മരണത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാന്‍ താല്‍പര്യമില്ല എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മറുപടി. ഹംസയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്തുലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ അമേരിക്കയുടെ ആഭ്യന്തരവകുപ്പാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

സൗദി അറേബ്യക്കെതിരെ നിരന്തരം ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്ന ഹംസ പരസ്യ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സൗദി റദ്ദാക്കിയിരുന്നു. സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനു മുന്‍പുവരെ അഫ്ഗാനിസ്ഥാനിലായിരുന്ന ഹംസ പിന്നീടാണ് അല്‍ഖ്വയ്ദയുടെ നേതൃത്വത്തിലേക്കു വരുന്നത്.