ഇരുട്ടു കൊണ്ട് മുഖ്യമന്ത്രി ഓട്ടയടക്കുകയാണ്; മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ തിരുമേനി

Jaihind Webdesk
Wednesday, February 7, 2024

പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ തിരുമേനിയുടെ പ്രസ്താവന. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ വേദിയിൽ ഇരുത്തിയാണ് ഡോ യുഹാനോൻ മാർ തിരുമേനി പിണറായി വിജയനെ വിമർശിച്ചത്. മുഖ്യമന്ത്രി എല്ലാവരുടേയുമെന്നാണ് കരുതുന്നതെന്നും തിരുമേനി പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭയുടെ ദീപശിഖാ പ്രയാണ സ്വീകരണ വേദിയിലാണ് മുഖ്യമന്ത്രിക്കെതിരെ അഭിവന്ദ്യ ഡോ യുഹാനോൻ മാർ ദിയസ്കോറസ് തിരുമേനി രൂക്ഷ വിമർശനം നടത്തിയത്. പുത്തൻ കുരിശിൽ യാക്കോബായ സമ്മേളനത്തിൽ മുഖ്യമന്ത്രി ഓർത്തഡോക്സ് സഭക്കെതിരെ നടത്തിയ പരാമർശത്തിന് മറുപടിയാണ് തിരുമേനി നൽകിയത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനുവിനെ വേദിയിലിരുത്തിയായിരുന്നു വിമർശനം.

ഇരുട്ടു കൊണ്ട് മുഖ്യമന്ത്രി ഓട്ടയടക്കുകയാണ്. നിയമനിർമ്മാണം കൊണ്ടുവന്ന് സമാധാനം ഉണ്ടാക്കുമെന്ന് പറയുകയും വ്യവഹാരങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. നവതി ആഘോഷങ്ങൾക്കിടയിൽ കല്ലിട്ട് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ് അല്ലാതെ ഒരു വിഭാഗത്തിൻ്റെ മാത്രം മുഖ്യമന്ത്രിയല്ല എന്നും പറയണ്ടാന്ന് കരുതുന്ന പലതും പറയിപ്പിക്കുകയാണന്നും കസേര ഉറപ്പിക്കലാണ് ഇതിൻ്റെ ലക്ഷ്യം എന്നും തിരുമേനി പറഞ്ഞു.