ആട്ടിന്‍തോലിട്ട ചെന്നായ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ

Jaihind Webdesk
Monday, February 5, 2024

 

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. ആട്ടിൻ തോലിട്ട ചെന്നായ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സഭ ആവശ്യപ്പെട്ടു. യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം നൽകി കയ്യടി വാങ്ങാൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് സഭ മാധ്യമ വിഭാഗം പ്രസിഡന്‍റ് യുഹാനോൻ മാർ ദിയസ്കോറസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ജോൺസ് എബ്രഹാം കോനാട്ട്, പിആർഒ ഫാ. മോഹൻ ജോസഫ് എന്നിവർ ആരോപിച്ചു.

തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്‍റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണെന്ന് ഓർത്തഡോക്സ് സഭ. അദ്ദേഹം നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എക്കാലവും സമാധാനപരമായ നിലപാടാണ് ഓർത്തഡോക്സ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും യുഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. ഓർത്തഡോക്സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ആട്ടിൻ തോലിട്ട ചെന്നായ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മലങ്കര സഭയെ വെട്ടിമുറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. അള മുട്ടിയാൽ ചേരയും കടിക്കും എന്ന് സർക്കാർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന അട്ടിമറികളെ ആശങ്കയോടെയാണ് സഭ കാണുന്നത്. നിമയത്തിനും സത്യത്തിനും വിരുദ്ധമായി മലങ്കര സഭയെ തകർക്കാൻ ആരു ശ്രമിച്ചാലും സഭ ഒറ്റക്കെട്ടായി അതിനെ ചെറുത്തുതോൽപ്പിക്കുമെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

സുപ്രീം കോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ട സഭാ വിഷയത്തില്‍ പുതിയ നിയമപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇന്നലെ പുത്തന്‍ കുരിശില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പ്രകടമാകുന്നതെന്ന് ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി. അതേസമയം, പ്രൊട്ടോകോൾ ലംഘിച്ച് ആണ് പാത്രിയാർക്കീസ് ബാവയുടെ സന്ദർശനമെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു. പുതിയ നിയമനിർമ്മാണം വേണം എന്നാണ് പാത്രീയാർക്കീസ് ബാവ ഇന്നലെ പ്രഖ്യാപിച്ചത്. കോടതി വിധിക്ക്‌ എതിരായ വെല്ലുവിളി ആണ് ബാവ നടത്തിയത്. പ്രശ്നം സൃഷ്ടിക്കാം എന്ന് കരുതുന്നത് നല്ലതല്ലെന്നും സഭാ നിയമം പാലിക്കാൻ ബാവയ്ക്ക് ബാധ്യത ഉണ്ട് എന്നും യൂഹാനോൻ മാർ ദിയസ്കോറസ് വ്യക്തമാക്കി. അദ്ദേഹം ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ നടത്തിയിട്ടുള്ള പ്രസ്താവനകള്‍ എല്ലാം തന്നെ പ്രകോപനപരവും ഇന്ത്യന്‍ നിയമവ്യവസ്ഥിതിയെ അവഹേളിക്കുന്നതും ആണെന്നും ഓർത്തഡോക്സ് സഭാ പ്രതിനിധികൾ പറഞ്ഞു.