ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജരേഖ: മുന്‍ എസ്എഫ്ഐ നേതാവ് വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം; 7 വർഷം വരെ തടവ് ലഭിക്കാം

Jaihind Webdesk
Wednesday, June 7, 2023

 

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. കേസിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തി. കാലടി സംസ്‌കൃത സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മുമ്പ് എറണാകുളം മഹാരാജാസിലും എസ്എഫ്‌ഐ നേതാവായിരുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിനി കെ വിദ്യ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിലാണ് കേസെടുത്തിരിക്കുന്നത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി ആർജിഎം ഗവൺമെന്‍റ് കോളേജിലാണ് വിദ്യ ജോലിക്ക് ശ്രമിച്ചത്. മഹാരാജാസ് കോളേജിൽ 2018 മുതൽ 2021 വരെ താല്‍ക്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി തയാറാക്കിയ സർട്ടിഫിക്കറ്റിന്‍റെ പകർപ്പാണ് അട്ടപ്പാടി ഗവണ്‍മെന്‍റ് കോളജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവ സ്ഥലം അഗളിയായതിനാൽ കേസ് അവിടേക്ക് കൈമാറും. അഗളി പോലീസ് കോളേജിൽ എത്തി രേഖകൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും.

അതേസമയം കേസിൽ കൊച്ചി പോലീസ് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ മൊഴിയെടുത്തു. കോളേജിന്‍റെ ഭാഗത്തു നിന്ന് വിദ്യക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ മൊഴി നൽകി. കാസർഗോട്ടും പാലക്കാടും വ്യാജരേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്ചർ നിയമനത്തിന് വിദ്യ ശ്രമിച്ചതായി ആരോപണമുണ്ട്. ഈ ആരോപണത്തിൽ പരാതി നൽകുന്ന കാര്യം മഹാരാജാസ് കോളേജ് പരിശോധിക്കുന്നുണ്ട്.