സംഘടനാ പ്രവർത്തനം ശക്തമാക്കണം; പ്രത്യേക രൂപരേഖയും കർമ്മപദ്ധതികളും തയാറാക്കണം: നിർദേശം നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍

Sunday, December 4, 2022

 

ന്യൂഡല്‍ഹി: സംഘടനാ പ്രവർത്തനം ശക്തമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിർദേശം നല്‍കി  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ.  ഓരോ സംസ്ഥാനങ്ങളിലെയും സംഘടനാ പ്രവര്‍ത്തനത്തിന് പ്രത്യേകം രൂപരേഖയും കര്‍മ്മ പദ്ധതികളും തയാറാക്കണമെന്ന് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവാദിത്തമുള്ളവര്‍ കടമ നിര്‍വഹിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്തവര്‍ക്ക് പുതിയവര്‍ക്ക് അവസരം നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എഐസിസി സ്റ്റിയറിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ നടത്തിയ ആമുഖ പ്രസംഗത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിയോടും രാജ്യത്തോടും ഉള്ള ഉത്തരവാദിത്തത്തിന്‍റെ ഏറ്റവും കാതല്‍ മുകളില്‍ നിന്ന് താഴേത്തട്ട് വരെയുള്ള സംഘടനാപരമായ ഉത്തരവാദിത്തമാണ്. സംഘടനാ പ്രവര്‍ത്തനം ശക്തവും ഉത്തരവാദിത്തമുള്ളതും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതും ആണെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ വിജയിക്കാനും രാജ്യത്തെ ജനങ്ങളെ സേവിക്കാനും കഴിയുകയുള്ളൂ. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരും ഭാരവാഹികളും സ്വന്തം ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് മല്ലികാർജുന്‍ ഖാർഗെ ഓര്‍മ്മപ്പെടുത്തി.

“സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും ഭാരവാഹികളും മാസത്തില്‍ 10 ദിവസമെങ്കിലും അവരുടെ ചുമതലയിലുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. എല്ലാ ജില്ലയിലും യൂണിറ്റുകളിലും പോയി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ, പ്രാദേശിക പ്രശ്‌നങ്ങളുണ്ടോ? ജില്ലാ കോണ്‍ഗ്രസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ? ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ടോ? അഞ്ച് വര്‍ഷമായി ജില്ലയും ബ്ലോക്കും മാറാത്ത എത്ര യൂണിറ്റുകളുണ്ട്? ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ എഐസിസിയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രക്ഷോഭങ്ങള്‍ നടന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.” – മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു.

സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ഭാരവാഹികള്‍ അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ തയാറാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിർദേശം നല്‍കി. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള കര്‍മ്മ പദ്ധതികള്‍ പ്രത്യേകം തയാറാക്കണം. എഐസിസി സെക്രട്ടറിമാരും പിസിസി പ്രസിഡന്‍റുമാരും എംപിമാരും എംഎല്‍എമാരും രൂപരേഖ തയാറാക്കുകയും പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴേത്തട്ടില്‍ നടപ്പിലാക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഉത്തരവാദിത്തം നിറവേറ്റാനാവില്ല. ഒരു മാസത്തിനുള്ളില്‍ തന്നെ ഓരോ സംസ്ഥാനങ്ങള്‍ക്കും വേണ്ടി പ്രത്യേക പ്രവര്‍ത്തന രൂപരേഖ തയാറാക്കണമെന്ന് ഖാർഗെ നിർദേശിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തന്നില്‍ വിശ്വാസമര്‍പ്പിച്ച, രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മല്ലികാർജുന്‍ ഖാര്‍ഗെ നന്ദി അറിയിച്ചു. നേതൃപാടവവും അശ്രാന്ത പരിശ്രമവും അചഞ്ചലമായ വിശ്വാസവും കൊണ്ട് പാര്‍ട്ടിയെയും രാജ്യത്തെയും രണ്ട് പതിറ്റാണ്ടിലേറെയായി നയിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഭാവിയിലും സോണിയാ ഗാന്ധിയുടെ മാര്‍ഗനിര്‍ദേശവും അനുഗ്രഹവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേർത്തു.