അവയവക്കടത്ത് കേസ്: സബിത്തിന്‍റെ നിർണായക മൊഴി , അന്വേഷണ സംഘം തമിഴ്നാട്ടിൽ

Jaihind Webdesk
Sunday, May 26, 2024

 

കൊച്ചി : അവയവ കച്ചവടത്തിന് ആളുകളെ വിദേശ രാജ്യത്തേക്ക് കടത്തിയ സംഭവത്തിലെ അന്വേഷണം തമിഴ്നാട്ടിലേക്ക്. പ്രതി സബിത്ത് നാസറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തമിഴ്നാട്ടില്‍ പരിശോധന നടത്തിയത്.   അവയവ കടത്തിലെ കണ്ണികളും ഇരകളും തമിഴ്നാട്ടിലുണ്ടെന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ തെറ്റിധരിപ്പിച്ച് വിദേശത്തേക്ക് കയറ്റിയയച്ചായിരുന്നു പ്രതി അവയവക്കച്ചവടം നടത്തിയത്. സബിത്ത് നാസറിന്‍റെ നേതൃത്വത്തിലാണ് ആളുകളെ വിദേശത്തേക്ക് കടത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിക്കപ്പെട്ടിരുന്നു. അതേ തുടര്‍ന്നാണ് മലയാളിയായ സബിത്ത് നാസർ കേന്ദ്ര ഏജൻസികളുടെ റഡാറിലേക്ക് വരുന്നത്. കൊച്ചി- കുവൈറ്റ്- ഇറാൻ റൂട്ടിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് നെടുമ്പാശേരിയിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് പ്രതിയെ പിടികൂടിയത്. എൻഐഎയും ഐബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു.