Organ trafficking | അവയവക്കടത്ത് കേസ്: മുഖ്യപ്രതി മധു ജയകുമാര്‍ എന്‍ഐഎ പിടിയില്‍; ഇറാനിലേയ്ക്ക് ഇന്ത്യക്കാരെ കടത്തിയിരുന്നത് അവയവക്കടത്തിനായി

Jaihind News Bureau
Friday, November 14, 2025

കൊച്ചി: ഇന്ത്യക്കാരെ ഇറാനിലേക്ക് അവയവദാനത്തിനായി കടത്തിയ കേസില്‍ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി മധു ജയകുമാറിനെ നവംബര്‍ 8-ന് ഇറാനില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
മധുവിനെ കഴിഞ്ഞ ദിവസം കൊച്ചി കോടതിയില്‍ ഹാജരാക്കി. നവംബര്‍ 19 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

2024 മെയ് 18-നാണ് ഈ കേസിന്റെ തുടക്കം. കൊച്ചി വിമാനത്താവളത്തില്‍ വെച്ച് അവയവക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു യുവാവിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതോടെയാണ് കേസ് പുറത്തുവന്നത്. എറണാകുളം റൂറല്‍ പോലീസാണ് ആദ്യം അന്വേഷണം ആരംഭിച്ചത്. പിന്നീട് കേസ് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ലക്ഷ്യമിട്ട്, നിയമപരമായ അവയവദാനമെന്ന വ്യാജേന ഇറാനിലേക്ക് പോകാന്‍ പ്രേരിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സ്വീകര്‍ത്താക്കളെ കണ്ടെത്തി ഇറാനിയന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുകയും, പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതാണെന്ന് ദാതാക്കള്‍ക്ക് തെറ്റായ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മധുവിനെതിരെയും സാബിത്ത്, സജിത് ശ്യാം, ബെല്ലംകൊണ്ട രാം പ്രസാദ് എന്നിവര്‍ക്കെതിരെയും എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2025 ഫെബ്രുവരിയില്‍, ഇറാനില്‍ താമസിച്ചിരുന്ന മധുവിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇറാനില്‍ നിന്ന് അവയവക്കടത്ത് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും നിയമവിരുദ്ധമായ അവയവമാറ്റ ശസ്ത്രക്രിയകളില്‍ ഉള്‍പ്പെട്ട ആശുപത്രികളുമായി ഏകോപിപ്പിക്കുകയും ചെയ്തിരുന്നത് മധുവാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മധുവിന്റെ അറസ്റ്റ് ഈ കേസില്‍ ഒരു പ്രധാന വഴിത്തിരിവാണെന്ന് എന്‍ഐഎ വിലയിരുത്തുന്നു.