ഓര്‍ഡിനന്‍സ് രാജ്ഭവനില്‍; തുടര്‍നടപടികള്‍ നിര്‍ണായകം

Jaihind Webdesk
Saturday, November 12, 2022


തിരുവനന്തപുരം: ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ് ഭവനില്‍ എത്തി.സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസാണ് രാജ്ഭവനിലെത്തിയത്. ഇന്നു രാവിലെയാണ് മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചത്.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണ്ണായകമാണ്. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഓർഡിനൻസ് ലഭിച്ചാൽ ഗവർണർ എന്ത് ചെയ്യും എന്നതിൽ സർക്കാരിന് ആശങ്ക ഉണ്ട്. അനിശ്ചിതത്വത്തിനിടെ ഗവർണര്‍ ഇന്ന് ദില്ലിക്ക് പോകും. വിദഗ്ദോപദേശം നോക്കി തുടർ നടപടി എടുക്കാനാണ് നീക്കം.

ചാൻസലർ ഓർഡൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവർണർ ഒപ്പിടണം. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓർഡിനൻസിന്‍റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങൾ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു.