കോഴിക്കോട് ജില്ലയിൽ ക്വാറി പ്രവർത്തനം നിർത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്; ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല, കര്‍ശന നിര്‍ദ്ദേശം

Tuesday, July 30, 2024

 

കോഴിക്കോട്: ജില്ലയില്‍ ക്വാറികളുടെ പ്രവ‍ർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. കനത്ത മഴ തുടരുന്നതിനാലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്. ക്വാറികളുടെ പ്രവര്‍ത്തനത്തിന് പുറമെ എല്ലാ തരത്തിലുമുള്ള മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉൾപ്പെടെ നിർത്തിവെയ്ക്കാനാണ് കര്‍ശന നിർദേശം.

കോഴിക്കോട് ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം നിർത്തിവെച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് പൂര്‍ണ്ണ നിരോധനം പ്രാബല്യത്തിലുണ്ടാവും. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടിയന്തിര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ ആകെ 41 ക്യാംപുകളിലായി 196 കുടുംബങ്ങളിലെ 854 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടി പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.