നിയമസഭ ഇന്ന് ചേരും ; പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യും

Jaihind News Bureau
Monday, August 24, 2020

Kerala-Niyama-sabha

തിരുവനന്തപുരം : സർക്കാരിനെതിരെ ശക്തമായ അഴിമതി ആരോപണങ്ങളും വിവാദങ്ങളും നിൽക്കെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയം നിയമസഭ ഇന്ന് ചർച്ച ചെയ്യും. സ്വർണ്ണക്കടത്ത് വരെ എത്തി നില്‍ക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്. 9 മണിക്ക് ധനകാര്യബിൽ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയത്തിന്മേല്‍ ചർച്ച ആരംഭിക്കുന്നത്. വി.ഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേൽ അഞ്ച് മണിക്കൂറാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്.

സർക്കാരിനെ പിടിച്ചുകുലുക്കിയ വിവാദങ്ങളെല്ലാം തന്നെ സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. സർക്കാരിനു ബന്ധമില്ലെന്ന് ന്യായീകരിച്ച വടക്കാഞ്ചേരി ലൈഫ് പദ്ധതി ഇടപാടിൽ ഒടുവിൽ വിജിലൻസ് അന്വേഷണത്തിന് നിയമോപേദേശം തേടിയതുവരെയുള്ള പട്ടിക പ്രതിപക്ഷത്തിന് നിരത്താനുണ്ട്. സർക്കാർ അകപ്പെട്ട വിവിധ വിവാദങ്ങള്‍ ഇന്നത്തെ ചർച്ചയെ ചൂടുപിടിപ്പിക്കും.

ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ തുടങ്ങിയവരുടെ ബന്ധുനിയമന വിവാദം, ബ്രുവറി – ഡിസ്റ്റിലറി വിവാദം, പാസ്പോർട്ട് വെരിഫിക്കേഷന്‍, സ്പ്രിങ്ക്ളർ വിവാദം, ബെവ്ക്യു ആപ്പ്, പമ്പ ത്രിവേണിയിലെ മണല്‍ക്കടത്ത്, വൈദ്യുതി ബില്‍ വിവാദം, ഇ-മൊബിലിറ്റി പദ്ധതി, സ്വർണ്ണക്കടത്ത്, കിറ്റ് വിവാദം, ലൈഫ് മിഷന്‍ അഴിമതി തുടങ്ങി നിരവധി വിവാദങ്ങളും അഴിമതികളും സർക്കാരിനെതിരെയുണ്ട്.