തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണം ഫലപ്രദമായി തടയുന്നതിൽ പരാജയപ്പെട്ട വനംവകുപ്പിന്‍റെയും സർക്കാരിന്‍റെയും നിഷ്ക്രിയത്വത്തെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സഭയിൽ തുറന്നുകാട്ടി പ്രതിഷേധമുയർത്തി. ബോധമില്ലാത്ത ആനയല്ല കഴിവുകെട്ട സർക്കാരാണ് അജീഷിന്‍റെ മരണത്തിൽ ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
മലയോരത്തെ മനുഷ്യന്‍റെ ജിവന് പുല്ല് വില പോലുമില്ലാത്ത ഭീതിജനകമായ അന്തരീക്ഷം നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ടി സിദ്ദീഖ് വിഷയം സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ 10 വർഷമായി വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെയും നാശനഷ്ടത്തിന്‍റെയും പരിക്കേറ്റവരുടെയും കണക്കുകൾ നിരത്തിയാണ് അദ്ദേഹം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സിഗ്നൽ ലഭിച്ചിട്ടും ആനയെ കണ്ടെത്തി തുരത്തുന്നതിൽ പരാജയപ്പെട്ട സർക്കാരാണ് യുവാവിന്‍റെ മരണത്തിന് ഉത്തരവാദി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വനാതിർത്തിയിൽ മനുഷ്യർ ഭീതിയിൽ കഴിയുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാതെ സർക്കാർ നിഷ്ക്രിയമായി പ്രവർത്തിക്കുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അപകടകാരിയായ ആന എത്തിയിട്ട് അതിനെ ട്രാക്ക് ചെയ്യാനുള്ള ഒരു സംവിധാനവും വനം വകുപ്പിന് ഇല്ലായിരുന്നുവെന്നും വന്യജീവി ആക്രമണം തടയുന്നതിന് സർക്കാരിന് ഒരു പദ്ധതിയില്ലെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ബോധമില്ലാത്ത ആനയല്ല കഴിവുകെട്ട സർക്കാരാണ്
അജീഷിന്‍റെ മരണത്തിൽ ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വിഷയം ഗൗരവമുള്ളതാണെങ്കിലും സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് മന്ത്രി നിലപാടെടുത്തതിനെ തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധമുയർത്തി പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി.