CONGRESS| ‘കാടത്ത നിയമം’ ; അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ല് എതിര്‍ക്കാന്‍ പ്രതിപക്ഷം

Jaihind News Bureau
Wednesday, August 20, 2025

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ അതിശക്തമായി എതിര്‍ക്കാന്‍ പ്രതിപക്ഷം. അറസ്റ്റിലാകുന്ന മന്ത്രിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷം എതിര്‍ക്കാന്‍ തയാറെടുക്കുന്നത്. ഇത് കാടത്ത നിയമമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി വിമര്‍ശിച്ചത്. വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബില്ല് കൊണ്ടു വരുന്നത് ദുരുദ്ദേശ്യത്തോടെയെന്നും വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇന്ത്യ സഖ്യത്തിന്റെ അടിയന്തര യോഗം വിളിച്ചു ചോര്‍ത്തിട്ടുണ്ട്.

അറസ്റ്റിലാകുന്ന മന്ത്രിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നീക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും അടക്കം ഇത് ബാധകമായിരിക്കും. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, അല്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥയായി സൂചിപ്പിക്കുന്നത്.