NIYAMASABHA| സ്വര്‍ണ കൊള്ള ഇന്നും നിയമസഭയില്‍ ആളിക്കത്തിക്കാന്‍ പ്രതിപക്ഷം; ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെയും രാജി ആവശ്യപ്പെടും

Jaihind News Bureau
Tuesday, October 7, 2025

ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം ആളിക്കത്തിക്കാന്‍ പ്രതിപക്ഷം. സ്വര്‍ണ്ണം കാണാതായെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷം നീക്കം നടത്തുന്നത്. ഒപ്പം ഞെട്ടിക്കുന്ന ക്രമക്കേട് നടന്നുവെന്ന് ബോധ്യമായെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി ഇന്നലെ അറിയിച്ചിരുന്നു. അടിയന്തര പ്രമേയം ഒഴിവാക്കി കഴിഞ്ഞദിവസത്തെ പോലെ ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിക്കും. സ്വര്‍ണ്ണക്കൊള്ളയില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കുവാനാണ് യുഡിഎഫ് തീരുമാനം.

പ്രധാനമായും, ദേവസ്വം മന്ത്രി വി എന്‍ വാസവന്റെയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇന്നലെ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സഭയില്‍ വലിയ ബഹളമുണ്ടാവുകയും സ്പീക്കര്‍ക്ക് ചോദ്യോത്തര വേള റദ്ദാക്കേണ്ടി വരുകയും ചെയ്തിരുന്നു. ഇന്ന് വീണ്ടും ചോദ്യോത്തര വേളയില്‍ വിഷയം ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

2019-ല്‍ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി നീക്കം ചെയ്തപ്പോള്‍ സ്വര്‍ണ്ണത്തിന്റെ അളവില്‍ 4.5 കിലോഗ്രാമിലധികം കുറവുണ്ടായി. ഇതില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കും സര്‍ക്കാരിലെ ചിലര്‍ക്കും പങ്കുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ മുന്‍ എസ്.പി. എസ്. ശശിധരനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച അന്വേഷണം ശനിയാഴ്ച ആരംഭിക്കും.

ഈ വിവാദം 2019-ല്‍ ശബരിമലയിലെ ദ്വാരപാലക പ്രതിമകളുടെ സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികള്‍ അറ്റകുറ്റപ്പണിക്കായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുവന്നതെങ്കിലും, 1998-ല്‍ വ്യവസായി വിജയ് മല്യ സംഭാവന ചെയ്ത സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായെന്ന ആരോപണവും അന്വേഷണ പരിധിയില്‍ വരും.

ശബരിമലയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഈ വിഷയത്തില്‍ സത്യം പുറത്തുവരണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള എസ്‌ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.