‘ജയ് ഷായെ മാറ്റുമോ?’ മോദിയുടെ കുടുംബാധിപത്യ പരാമര്‍ശത്തെ പൊളിച്ചടുക്കി പ്രതിപക്ഷം

Jaihind Webdesk
Monday, August 15, 2022

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിന് എതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശനത്തെ എണ്ണിപ്പറഞ്ഞ മറുപടിയുമായി പ്രതിപക്ഷം. നരേന്ദ്ര മോദി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സന്ദേശമാണിതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. സ്വന്തം മന്ത്രിസഭയിൽ ഉള്ളവരുടെ കുടുംബ രാഷ്ട്രീയ പശ്ചാത്തലം പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയോ എന്നും കോൺഗ്രസ് ചോദിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ, കായിക താരം പോലും അല്ലാതിരുന്നിട്ടും ബിസിസി ഐയുടെ തലപ്പത്താണ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ മകനും ബിജെപി എംഎൽഎയുമായ പങ്കജ് സിംഗ്, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രേംകുമാര്‍ ധുമാലിന്‍റെ മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ തുടങ്ങിയ പേരുകൾ, വസുന്ധര രാജ സിന്ധ്യക്കൊപ്പം അതേ കുടുംബത്തിൽ നിന്ന് കേന്ദ്ര മന്ത്രി സഭയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ പേരുകള്‍ നിരത്തിയതോടെ പ്രധാനമന്ത്രിയുടെ കുടുംബാധിപത്യ പരാമര്‍ശം തിരിച്ചടിച്ചു.

ചരിത്രത്തെ വളച്ചൊടിച്ച് ഗാന്ധിജിയേയും നെഹ്റുവിനെയും അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ വ്യക്തമാക്കി.  കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തിയതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് നേതാക്കള്‍ ഗാന്ധിജി വെടിയേറ്റ് വീണ ബിർള ഹൗസിലെ സ്മൃതി മണ്ഡപത്തിലേക്ക് പദയാത്ര നടത്തി.

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേ  പ്രധാനമന്ത്രി മിണ്ടിയില്ലെന്ന് സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള കക്ഷികളും കുറ്റപ്പെടുത്തി. എട്ട് വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കാന്‍ സര്‍ക്കാരിന് ധൈര്യമില്ലേയെന്നും പ്രതിപക്ഷം ചോദിച്ചു.

https://twitter.com/RavinderKapur2/status/1559049916563222528?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1559049916563222528%7Ctwgr%5E51510456b37a9195f859aedff2551596762ef45f%7Ctwcon%5Es1_&ref_url=https%3A%2F%2Ftheprint.in%2Fpolitics%2Fon-i-day-as-modi-renews-attack-on-parivaarvaad-opposition-draws-attention-to-dynasts-in-bjp%2F1083522%2F