ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

Jaihind Webdesk
Wednesday, May 29, 2019

പൊതുവിദ്യാഭ്യാസ മേഖലയുടെ താൽപ്പര്യങ്ങളെ അവഗണിച്ച് ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. വിദ്യാഭ്യാസ രംഗത്ത് അനാവശ്യ പ്രതിസന്ധിക്ക് സർക്കാർ നീക്കം കാരണമാകുമെന്നും  രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായാണ് കമ്മീഷൻ റിപ്പോർട്ടിന് ധൃതിപിടിച്ച് സർക്കാർ അംഗീകാരം നൽകിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.

ഖാദർ കമ്മീഷൻ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ ഭരണസ്തംഭനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എൻ.എ ഖാദർ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഖാദർ കമ്മിറ്റി പരിഷ്കാരങ്ങൾ വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഇല്ലാതാക്കും വിദ്യാഭ്യാസ മന്ത്രിക്ക് പോലും റിപ്പോർട്ട് നടപ്പിലാക്കാൻ താത്പര്യമുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും യോഗ്യരായവർ തഴയപ്പെടുന്നതിനും റിപ്പോർട്ട് നടപ്പിലാക്കുന്നതിലൂടെ കാരണമാകുമെന്നും കെ.എൻ.എ ഖാദർ സഭയിൽ ഉന്നയിച്ചു.

ഖാദർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിച്ചുവെന്നും റിപ്പോർട്ട് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും റിപ്പോർട്ടിലെ ആശങ്കകൾ സംബന്ധിച്ച് പല തലങ്ങളിൽ സർക്കാർ ചർച്ച നടത്തിയെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ രംഗത്തെ ചുവപ്പണിയിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർക്കാർ തീരുമാനം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്നും സർക്കാരിന്‍റേത് തുഗ്ലക്ക് പരിഷ്കാരമാണെന്നും രമേശ് ചെന്നിത്തല കുറിപ്പെടുത്തി.

മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.