തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികൾ മുഴക്കി നടുത്തളത്തിലിറങ്ങി. പ്ലക്കാർഡുകളുമായി സ്പീക്കറുടെ ഡയസിനടുത്തെത്തിയതോടെ സ്പീക്കർ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി. തുടർന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി സഭ പിരിഞ്ഞു. അതേസമയം പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭാ ടിവി സംപ്രേഷണം ചെയ്തില്ല.
സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവെച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു. 8 മിനിറ്റുകള്‍ മാത്രമാണ് ഇന്ന് സഭ സമ്മേളിച്ചത്. പ്രതിഷേധം കനത്തതോടെ അപ്രതീക്ഷിതമായി നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷം അംബേദ്കർ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.