
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഗുരുതരമായ അനാസ്ഥകളും വീഴ്ചകളും കെടുകാര്യസ്ഥതയും അക്കമിട്ട് നിരത്തി പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്തു. വിളപ്പില്‍ശാലയിലെ ചികിത്സാ വീഴ്ച അടിയന്തര പ്രമേയമായി ഉന്നയിച്ചാണ് ആരോഗ്യമേഖലയിലെ സമ്പൂര്‍ണ്ണ പരാജയം പ്രതിപക്ഷം സഭയില്‍ തുറന്നു കാട്ടിയത്. മനസാക്ഷിയില്ലാത്ത സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നമ്മുടെ ആരോഗ്യ മേഖലയിലെ തകര്‍ന്ന സിസ്റ്റത്തിന്റെ അവസാന ഇരയായി മരിച്ച വിളപ്പില്‍ശാല സ്വദേശി ബിസ്മീര്‍ മരണത്തോട് മല്ലടിക്കുന്ന സമയത്ത് പറഞ്ഞ വാക്കുകളും, ചികിത്സാ പിഴവില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ ദീനരോധനവും വൈകാരികമായി ചൂണ്ടിക്കാട്ടിയാണ് പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. ആരോഗ്യ മേഖലയിലെ ഗുരുതര വീഴ്ചകള്‍ ഓരോന്നായി അദ്ദേഹം തുറന്നു കാട്ടി.
മനസാക്ഷിയില്ലാത്ത പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും, ഒരു കുഞ്ഞിന്റെ കൈ പോയിട്ട് പോലും അടിയന്തര ഇടപെടല്‍ നടത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ആരോഗ്യ രംഗത്തെ മികവില്‍ നിന്ന് ഇന്ന് കേരളം തിരിഞ്ഞു നടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിപക്ഷം ഉന്നയിച്ച കാതലായ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സ്വീകരിച്ചത്. പൊള്ളയായ കണക്കുകളും അവകാശവാദങ്ങളും നിരത്തി പിടിച്ചുനില്‍ക്കാനാണ് മന്ത്രി ശ്രമിച്ചത്. എന്നാല്‍, ആരോഗ്യ മേഖലയിലെ അനാസ്ഥകള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് അടിയന്തര പ്രമേയത്തിലൂടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചു.