ജനങ്ങള പെരുവഴിയിൽ നിർത്തിയ KSRTC സമരം : സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം

ജനങ്ങള പെരുവഴിയിൽ നിർത്തിയ സമരത്തിൽ യഥാസമയം ഇടപെടാത്ത സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. യാത്രക്കാരന്‍റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും സർക്കാരുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ചേമ്പറിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തത് വിഷയത്തെ ലാഘവത്തോടെ കാണുന്നതിന്‍റെ തെളിവാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

തലസ്ഥാനത്തെ നിശ്ചലമാക്കിയ കെ എസ് ആർ ടി സി യുടെ മിന്നൽപണിമുടക്കും സംഭവത്തിൽ സർക്കാരിന്‍റെ ഗുരുതര അനാസ്ഥയുമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ചത്. അടിയന്തര പ്രമേയത്തിന് മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയായിരുന്നെങ്കിലും ചോദ്യോത്തരവേളയ്ക്കു ശേഷം മുഖ്യമന്ത്രി സഭ വിട്ടു. തുടർന്ന് എം വിൻസന്‍റ് എം എൽ എ യുടെ നോട്ടീസിന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ മറുപടി നൽകി. ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണെന്നും ഇത് തികഞ്ഞ അലംഭാവമെന്ന് എം.വിൻസെന്‍റ് കുറ്റപ്പെടുത്തി.

മരിച്ച സുരേന്ദ്രന്‍റെ കുടുംബത്തിന് സർക്കാർ 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും എം വിൻസന്‍റ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചേമ്പറിലുണ്ടെന്നും ഗതാഗത മന്ത്രി കണ്ണൂരാണെന്നുമുള്ള മന്ത്രി ഇ പി ജയരാജന്‍റെ മറുപടിയും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ഇന്നലെ നടന്നത് അപമാനപരമായ സമരാഭാസമാണ്. കലക്ടറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു.

മണിക്കൂറുകളോളം സംഭവം അറിയാത്ത ജില്ലാ കലക്ടറെ അന്വേഷിക്കാൻ ഏൽപ്പിച്ചത് വിരോദാഭാസമാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

പ്രമേയത്തിന് നോട്ടീസ് നൽകിയ വിൻസന്‍റിനെ ഒഴിവാക്കി കുറച്ചുകൂടി ഗൗരവമുള്ള ആരെങ്കിലും ഒരാൾക്ക് വിഷയം അവതരിപ്പിക്കാമായിരുന്നെന്ന കടകംപള്ളി സുരേന്ദ്രന്‍റെ പരാമർശവും വിവാദത്തിലായി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തളത്തിൽ ഇറങ്ങി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Ramesh Chennithala
Comments (0)
Add Comment