ഡല്‍ഹിയിലെ വായു വിഷലിപ്തമാണെന്ന് പ്രതിപക്ഷം; കേന്ദ്രസര്‍ക്കാര്‍ ‘പ്രസാതാവനകള്‍ നിര്‍ത്തി പ്രവര്‍ത്തിക്കണം’ എന്ന് സോണിയ ഗാന്ധി

Jaihind News Bureau
Thursday, December 4, 2025

ഡല്‍ഹിയിലെ വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണ പ്രതിസന്ധി ഉന്നയിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്ന് വിശേഷിപ്പിച്ച ഈ സ്ഥിതിവിശേഷം കേന്ദ്രം അവഗണിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ‘പ്രസ്താവനകള്‍ നല്‍കുന്നത് നിര്‍ത്തി നടപടിയെടുക്കാന്‍ തുടങ്ങണ’മെന്ന് പാര്‍ലമെന്റിന്റെ മകര്‍ ദ്വാറിന് പുറത്ത് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ പങ്കെടുത്ത പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ് സോണിയ ഗാന്ധി സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

‘കുട്ടികള്‍ മരിക്കുന്നതിനാല്‍ എന്തെങ്കിലും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നെപ്പോലുള്ള വൃദ്ധരും ബുദ്ധിമുട്ടുന്നു,’ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സോണിയാ ഗാന്ധിയുടെ വാക്കുകള്‍ സാഹചര്യത്തിന്റെ അടിയന്തിരാവസ്ഥ അടിവരയിടുന്നതാണ്. അപകടകരമായ വായു ഗുണനിലവാരത്തെ പ്രതീകാത്മകമായി എടുത്തുകാണിക്കാന്‍ നിരവധി പ്രതിപക്ഷ എംപിമാര്‍ പ്രകടനത്തിനിടെ മാസ്‌കുകള്‍ ധരിച്ചിരുന്നു.

ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക ‘ഗുരുതര’ വിഭാഗങ്ങളിലേക്ക് വഴുതിവീണിരിക്കുകയാണ്. ഇത് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ കാരണമായി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശിവസേന (യുബിടി) എംപിമാര്‍, ഡിഎംകെ അംഗങ്ങള്‍, സിപിഐ (എം), എഎപി, ആര്‍ജെഡി, ജെഡിയു എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ എന്നിവരും പങ്കെടുത്തു. പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന ആവര്‍ത്തിച്ചുള്ള ആഹ്വാനം രാഷ്ട്രീയ തന്ത്രമല്ലെന്നും അടിയന്തര ഇടപെടലിനുള്ള അഭ്യര്‍ത്ഥനയാണെന്നും എഐസിസി് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി ആവര്‍ത്തിച്ചു.’വായു മലിനീകരണം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല. സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കണം’- അവര്‍ പറഞ്ഞു.