ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിനുള്ള നീക്കം; അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ, പ്രതിഷേധം

Jaihind Webdesk
Tuesday, June 25, 2024

 

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. ടിപിയുടെ ഭാര്യ കെ.കെ. രമയാണ് നോട്ടീസ് നൽകിയത്. എന്നാല്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനമില്ലെന്നും അടിയന്തരപ്രമേയം അനുവദിക്കാനാവില്ലെന്നും സ്പീക്കർ എ.എന്‍. ഷംസീർ പറഞ്ഞു. സർക്കാർ പറയേണ്ടത് എങ്ങനെ സ്പീക്കർ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഷയം ചർച്ച ചെയ്യാന്‍ സർക്കാരിന് ഭയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർന്ന് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. അതേസമയം ടി.പി. കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ ഗവര്‍ണറെ കാണും.

ടി.പി. ചന്ദ്രശേഖരന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ടി.കെ. രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമാണ് പ്രതിപക്ഷം അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. 20 വർഷത്തേക്ക് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് സർക്കാർ നീക്കം നടത്തിയത്. ജയിൽ അധികൃതരുടെ ഭാഗത്തെ വീഴ്ചയെന്ന് സർക്കാരും ആഭ്യന്തരവകുപ്പില്‍ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ശിക്ഷാ ഇളവ് ശുപാർശയെന്ന് ജയിൽ ഉദ്യോഗസ്ഥരും വിശദീകരിക്കുന്നു. ഹീനമായ കുറ്റകൃത്യത്തിലെ പ്രതികളെ സഹായിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.