സിദ്ധാർത്ഥന്‍റെ മരണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; കേസിലെ വീഴ്ചകള്‍ അന്വേഷിക്കണമെന്ന് ആവശ്യം, ജാഗ്രതക്കുറവ് ഉണ്ടായെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Monday, June 10, 2024

 

തിരുവനന്തപുരം : പൂക്കോട് വെറ്റിറിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ  മരണം നിയമസഭയിൽ. സിദ്ധാർത്ഥന്‍റെ  മരണത്തിലെ അന്വേഷണ വീഴ്ചകളും വിവിധ വിഷയങ്ങളും ടി. സിദ്ദിഖ് എംഎല്‍എ സഭയിൽ  ഉന്നയിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു അദ്ദേഹം സിദ്ധാർത്ഥന്‍റെ മരണം സഭയില്‍ അവതരിപ്പിച്ചത്.

സിബിഐ അന്വേഷണം ആരംഭിക്കുന്നതിൽ കാലതാമസം വരുത്തുവാൻ ഗൂഢാലോചന നടന്നത് അന്വേഷിക്കണം എന്ന് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ടി.സിദ്ദിഖ് സഭയിൽ ഉന്നയിച്ചു. അതേസമയം അന്വേഷണത്തിൽ സർക്കാരിന് വീഴ്ചയില്ലെന്നും കലാലയങ്ങളിലെ റാഗിംഗിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. സിദ്ധാർത്ഥൻ റാഗിംഗിന് ഇരയായെന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും പ്രതിചേർക്കുകയുമുണ്ടായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സിദ്ധാർത്ഥന്‍റെ അമ്മ നിവേദനം നൽകിയപ്പോൾ തന്നെ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചുവെന്നും ഉത്തരവ് അന്ന് തന്നെ ഇറക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രത കുറവുണ്ടായെന്ന് പിണറായി വിജയന്‍ വിശദീകരണം നല്‍കി.