പെഗാസസും കര്‍ഷക സമരവും പാര്‍ലമെന്‍റിലുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും ഇന്നും തടസപ്പെട്ടു

ന്യൂഡല്‍ഹി : പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രതിപക്ഷ ബഹളത്തിൽ തടസപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും ഫോൺചോർത്തൽ, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. അതേസമയം ഇന്ധനങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്ന വിഷയത്തിൽ കേന്ദ്രസർക്കാരല്ല തീരുമാനം കൈകൊള്ളേണ്ടതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ലോക്സഭയെ രേഖാമൂലം അറിയിച്ചു.

രണ്ട് ദിവസത്തെ ഇടവേളയ്ക്കും പാർലമെന്‍റ് സ്തംഭനം ഒഴിവാക്കാനായില്ല. ഫോൺചോർത്തൽ, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയത്തിലെ അടിയന്തരപ്രമേയത്തിന് സഭ ചേർന്നപ്പോൾ തന്നെ ഇരു സഭാധ്യക്ഷന്മാരും അവതരണാനുമതി നിഷേധിച്ചു. തുടർന്നായിരുന്നു പ്രതിഷേധം. രാജ്യസഭയിൽ ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ അനുവദിക്കാം എന്ന സർക്കാർ വാഗ്ദാനവും പ്രതിപക്ഷം അംഗീകരിച്ചില്ല. നടുത്തളത്തിലിറങ്ങിയ അംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചു.

ലോക്സഭയിൽ ചോദ്യത്തോരവേളയിൽ ഇന്ധനങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്ന വിഷയത്തിൽ കേന്ദ്രം നയം വ്യക്തമാക്കി. ഇന്ധനങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ട് വരുന്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് ജിഎസ്ടി കൌൺസിലാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ തീരുമാനങ്ങൾക്കും നിർദ്ദേശത്തിനും പ്രസക്തി ഇല്ലെന്നും ഹർദീപ്  സിംഗ് പുരി അറിയിച്ചു. വരും ദിവസങ്ങളിലും പെഗാസസ്, കർഷക വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

Comments (0)
Add Comment