ലോക്ക്ഡൗണ്‍ പ്രതിസന്ധിയും ആത്മഹത്യകളും സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം ; അടിയന്തരപ്രമേയത്തിന് അനുമതിയില്ല ; സഭ വിട്ടിറങ്ങി പ്രതിഷേധം

Jaihind Webdesk
Wednesday, August 4, 2021

തിരുവനന്തപുരം : ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യകളും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സഹകരണ ബാങ്ക് ഉദ്യോസ്ഥരുടെ ഭീഷണിയെ തുടർന്ന് കോട്ടയത്ത് ഇരട്ട സഹോദരൻമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അടിയന്തര പ്രമേയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

സംഭവത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണിയും സമർദ്ദവുമാണ് ആത്മഹത്യയ്ക്ക് കാരണം. ഭൂമിയുടെ വിലയേക്കാൾ കുടുതൽ വായ്പ നൽകി. സംഭവത്തെ മന്ത്രി നിസാരവൽകരിക്കുകയാണ്. അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ ആത്മഹത്യ മുനമ്പിൽ എത്തിച്ചിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ തുടർനടപടി ആലോചിക്കുകയുള്ളൂവെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വ്യക്കതമാക്കി.