ആശാവര്‍ക്കര്‍മാരുടെ സമരം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. സേവന വേതന വര്‍ദ്ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ആശാവര്‍ക്കര്‍മാരുടെ സമരം 23 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുകയാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ആശമാരുടെ സമരത്തോട് സര്‍ക്കാര്‍ കാട്ടുന്ന നിഷേധാത്മകമായ നിലപാട് അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും.
സമരക്കാര്‍ക്കെതിരെ സിഐടിയുവിന്റെ അധിക്ഷേപം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരക്കാരെ വന്നുകണ്ടതുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് ഗോപിനാഥ് അധിക്ഷേപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സമരസമിതി. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ ജില്ലകളില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും,തിരുവനന്തപുരത്ത് നടന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉദ്ഘാടനം ചെയ്തു.
ആഴക്കടല്‍ ഖനന നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ പ്രമേയം
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയിലവതരിപ്പിച്ചേക്കും.. പ്രതിപക്ഷ പിന്തുണയോടെ ഏകകണ്ഠമായി ഇത് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം.ബജറ്റിന്‍മേലുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ചകളും വോട്ടെടുപ്പുമാണ് മറ്റൊരു പ്രധാന അജണ്ട.