മുതലപ്പൊഴി കണ്ണീർപ്പൊഴിയായി, സർക്കാർ അദാനിയുമായി ഒത്തുകളിക്കുന്നു; ശാശ്വത പരിഹാരം കാണണമെന്ന് പ്രതിപക്ഷം സഭയില്‍

Jaihind Webdesk
Monday, June 24, 2024

 

തിരുവനന്തപുരം: അപകടങ്ങള്‍ തുടർക്കഥയായിട്ടും മുതലപ്പൊഴിയില്‍ സർക്കാർ തുടരുന്ന അനാസ്ഥ അടിയന്തരപ്രമേയമായി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എം. വിന്‍സന്‍റാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുതലപ്പൊഴിയില്‍ യോഗങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും മുതലപ്പൊഴി കണ്ണീര്‍പ്പൊഴിയായി മാറിയെന്നും എം. വിന്‍സന്‍റ് ചൂണ്ടിക്കാട്ടി. മരണങ്ങളെ കുറിച്ചുള്ള സർക്കാർ കണക്ക് തെറ്റാണെന്നും ഇനിയെങ്കിലും സർക്കാർ ഇച്ഛാശക്തി കാട്ടണമെന്നും വിന്‍സന്‍റ് ആവശ്യപ്പെട്ടു. അതേസമയം അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ മറുപടി. ഒന്നര വർഷത്തിനകം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എം. വിന്‍സന്‍റ് പറഞ്ഞത്:

“രോഗി മരിച്ചിട്ടും മന്ത്രി ശസ്ത്രക്രിയയെ കുറിച്ച് വാചാലനാവുകയാണ്. മുതലപ്പൊഴി കണ്ണീർപ്പൊഴിയായി മാറി. നാലു ദിവസം മുമ്പും മത്സ്യതൊഴിലാളി മരിച്ചു. അപകടം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നത് പട്ടിണി കൊണ്ടാണ്. ഡ്രെഡ്ജിംഗ് ആണ് മുതലപ്പൊഴിയിലെ പ്രശ്നം. ആവർത്തിച്ച് യോഗം കൂടിയിട്ടും ഒന്നും നടക്കുന്നില്ല. ജെസിബി ഉപയോഗിച്ച് ഡ്രെഡ്ജിംഗ് നടത്തി കണ്ണിൽ പൊടിയിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. കോടിക്കണക്കിന് രൂപ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന സർക്കാരിന് ഡ്രെഡ്ജർ വാടക്ക് എടുക്കാൻ കഴിയില്ലേ? സർക്കാർ അദാനിയുമായി ഒത്തുകളിക്കുകയാണ്. കരാർ പ്രകാരമുള്ള കാര്യങ്ങൾ നടത്തിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം. മരിച്ചവരുടെ കണക്ക് മാത്രമല്ല മുതലപ്പൊഴി, മരിച്ച് ജീവിക്കുന്നവരുടെ കൂടിയാണെന്ന് സർക്കാർ തിരിച്ചറിയണം.”

സജി ചെറിയാന്‍ പറഞ്ഞത്:

“അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണം. അടിക്കടി മരണങ്ങൾ ഉണ്ടാകുന്നുണ്ട്. കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. 623 പരമ്പരാഗത വള്ളങ്ങൾ മുതലപ്പൊഴിയിലുണ്ട്. മണൽമാറ്റി ചാലിന് ആഴം കൂട്ടുക, ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി, മുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്ന പരിഹാരത്തിന് ചെയ്യേണ്ടത്. അദാനി പോർട്ട് അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ട്. തുറമുഖം അപകടരഹിതമാക്കാൻ നടപടികൾ എടുക്കുന്നുണ്ട്. വിദഗ്ധ സംഘം പഠനം നടത്തുകയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ സർക്കാരിന് പദ്ധതി സമർപ്പിച്ചിട്ടുണ്ട്. 65.6 കോടി സംസ്ഥാന സർക്കാർ വകയിരുത്തി. ആവശ്യമുള്ള വിവരങ്ങളെല്ലാം കേന്ദ്രസർക്കാരിന് നൽകി. കേന്ദ്രത്തിന്‍റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും. രണ്ടു മാസത്തിനകം പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര വർഷത്തിനകം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും.”