വിദേശ നിർമിത മദ്യം കേരളത്തിൽ എവിടെയും വിൽക്കാൻ അനുമതി നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം. അബ്കാരി നയത്തിൽ മാറ്റം വരുത്താതെയാണ് അനുമതി നൽകിയത്. ലോക മദ്യമാഫിയക്ക് കേരളത്തെ തുറന്നു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
എല്ലാ ബിയർ, വൈൻ പാർലറുകൾക്കും വിദേശനിർമിത വിദേശ മദ്യം വിൽക്കാൻ അനുമതി നൽകിയത് ക്രമവിരുദ്ധമായാണ്. ഇക്കാര്യത്തിൽ വൻകിട വിദേശ കുത്തക മദ്യ കമ്പനികളുമായി നടത്തിയ കരാറിൽ കോടികളുടെ അഴിമതിയാണ് നടന്നത്. ബിവറജേസ് കോർപറേഷന് നൽകിയ അനുമതിയുടെ മറവിലാണ് ഈ കൊള്ള നടന്നത്. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി ഈ വിഷയം പരിഗണിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ മറികടന്നാണ് അനുമതി നൽകിയത്. ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയെക്കാൾ വലിയ അഴിമതിയാണ് ഇതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രളയത്തിന്റെ മറവിൽ മദ്യകുംഭകോണമാണ് സർക്കാർ നടത്തിയതെന്ന്, വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചുർ രാധാകൃഷ്ണൻ എം. എൽ.എ പറഞ്ഞു. കേരളത്തിൽ ഇനി വരാനിരിക്കുന്നത് കാസിനോകളാണ്. വൻകിട മദ്യ കമ്പനികളുമായി ദുരൂഹ ഇടപാടാണ് സർക്കാർ നടത്തിയതന്നും അദ്ദേഹം ആരോപിച്ചു.