സ്വർണ്ണക്കടത്തില്‍ ഉത്തരം മുട്ടി സർക്കാർ; പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല

Jaihind Webdesk
Tuesday, June 28, 2022

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയാതെ സർക്കാർ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം ഉണ്ടായിട്ടും എന്തുകൊണ്ട് മാനനഷ്ടത്തിന് കേസ് കൊടുത്തില്ലെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. സ്വന്തം ബാഗ് വിദേശത്ത് കൊണ്ടുപോകാൻ നയതന്ത്ര ബന്ധം മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം സ്വപ്നയുടെ മൊഴിയിലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സ്വപ്ന പറയുന്നത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്കു കൊണ്ടുപോകാൻ സർക്കാർ സംവിധാനമില്ലേയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ചോദിച്ചു. ബാഗ് കൊണ്ടുപോകാൻ നയതന്ത്ര സംവിധാനം മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു.

ഷാജ് കിരണിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിച്ചായിരുന്നു എൻ ഷംസുദീൻ എംഎൽഎ സർക്കാരിന്‍റെ വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കിയത്. സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് കെ.കെ രമ, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ചോദിച്ചു. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ആരോപണങ്ങൾ തള്ളുകയാണ് ഭരണപക്ഷം ചെയ്തത്.