ശിവന്‍കുട്ടിയുടെ രാജിയിലുറച്ച് പ്രതിപക്ഷം ; സഭ ബഹിഷ്കരിച്ച് പ്രതിഷേധം

Thursday, July 29, 2021

തിരുവനന്തപുരം : കയ്യാങ്കളിക്കേസില്‍ ശിവന്‍കുട്ടിയുടെ രാജിയിലുറച്ച് പ്രതിപക്ഷം. ശക്തമായി പ്രതിഷേധിക്കുന്നതായി അറിയിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേസില്‍ സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വിധി ഒന്‍പതംഗ ബെഞ്ചിന് വിടണമെന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ക്രിമിനല്‍ കുറ്റം പ്രസിഡന്റ് ചെയ്താലും വിചാരണ നേരിടണമെന്നും പ്രതിപക്ഷ നേതാവ്  പറഞ്ഞു.

എംഎൽഎയ്ക്ക് കൊമ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ച കുറ്റമാണ്, കേസ് പാര്‍ട്ടി നടത്തണം. സർക്കാർ പണം ചിലവാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസിനെതിരെയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഈ മന്ത്രിസഭയിൽ ഇരിക്കാൻ കേരള കോൺഗ്രസിന് നാണമുണ്ടോയെന്ന് ചോദിച്ചു. മാണിയെ കടന്നാക്രമിച്ചുള്ള വി.എസിന്റെ പ്രസംഗവും അദ്ദേഹം വായിച്ചു.

അതേസമയം കയ്യാങ്കളിക്കേസിലെ സർക്കാർ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവന്‍കുട്ടി രാജിവയ്ക്കേണ്ടതില്ല കേസിൽ കോടതി വിധി അനുസരിച്ചുള്ള സമീപനം സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട സർക്കാർ നടപടി നിയമവിരുദ്ധമല്ല, അസാധാരണവുമല്ല. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പ്രോസിക്യൂട്ടര്‍ക്ക് അതിന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ . കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലെ അപ്പീലാണ് കോടതി ഇപ്പോൾ തള്ളിയത്. കേസ് പിൻവലിക്കുന്നതിന് അവകാശം ഉണ്ടോ ഇല്ലയോ എന്നതാണ് വിഷയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.