‘കേരളം കൊള്ളയടിച്ച് പിവി ആന്‍റ് കമ്പനി’; പ്ലക്കാർഡുയർത്തി പ്രതിപക്ഷം: മാസപ്പടിയില്‍ പ്രക്ഷുബ്ധമായി സഭ

Jaihind Webdesk
Friday, February 2, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ ശക്തമായ പ്രതിഷേധമുയർത്തി പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നടുത്തളത്തിൽ ഇറങ്ങിയ പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.

മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് വലിയ തുക എത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പോലും വരാതെ ഒളിച്ചോടുകയായിരുന്നു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ റോഡിൽ അടിച്ചമർത്തുകയും സഭയിൽ നിഷേധിക്കുകയും ചെയ്യുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭ ബഹിഷ്കരിച്ച് പുറത്തേക്ക് വന്നതിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സർക്കാരും മുഖ്യമന്ത്രിയും ചർച്ചയെ ഭയപ്പെടുന്നു മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. സ്പീക്കർ മുഖ്യമന്ത്രിയുടെ താൽപര്യത്തിന് വഴങ്ങി പ്രതിപക്ഷത്തിന്‍റെ അവകാശം ഹനിച്ചു. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതരമായ ആരോപണംഉന്നയിച്ചിരിക്കുന്നത് സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയാണെന്നും അതേ ഗൗരവത്തോടെ വിഷയം സഭചർച്ച ചെയ്യണമായിരുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.