ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം തുടരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും ഇന്നും ചർച്ചകൾ നടക്കും. എന്‍ഡിഎ ഇതര സംസ്ഥാനങ്ങളോടുള്ള ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് 27-ന് നടക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാർ അറിയിച്ചു.
ബജറ്റില്‍ സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യാ സഖ്യ എംപിമാർ പാർലമെന്‍റിന് മുന്നില്‍ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. മോദിയുടെ കസേര സംരക്ഷിക്കാനും ഭരണം നിലനിർത്താനുമുള്ള ബജറ്റാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ‘എന്‍ഡിഎ ബജറ്റല്ല, ഇന്ത്യക്ക് വേണ്ടിയുള്ള ബജറ്റാണ് ആവശ്യം’, ‘ബജറ്റിലൂടെ എന്‍ഡിഎ ഇന്ത്യയെ വഞ്ചിച്ചു’ തുടങ്ങിയ പ്ലക്കാർഡുകള്‍ ഉയർത്തിയായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.
സഖ്യകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ ബജറ്റില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പൂർണ്ണമായും അവഗണിക്കപ്പെട്ടു. ബിഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കായി ഏതാണ്ട് മുക്കാൽ ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ ഉറപ്പാക്കിയത്. ഇതിനുപുറമെ വിഹിതം കൃത്യമായി പ്രഖ്യാപിക്കാത്ത ഒട്ടനവധി പദ്ധതികളുമുണ്ട്. രണ്ടു സംസ്ഥാനങ്ങൾക്ക് മാത്രമായി ഏതാണ്ട് രണ്ടു ലക്ഷം കോടിയോളം രൂപ നടപ്പുവർഷം വിവിധ പദ്ധതികളിലൂടെ ലഭിക്കും. ഇതിന് പുറമെ മൂലധന നിക്ഷേപങ്ങൾക്കായി അധിക ധനസഹായവുമുണ്ടാകും. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ നിലനിർത്തുന്നിൽ ടിഡിപിയുടെയും ജെഡിയുവിന്‍റെയും പിന്തുണ നിർണായകമാണ്. ഇതാണ് ബിഹാറിനും ആന്ധ്രയ്‌ക്കും പക്ഷപാതപരമായ പരിഗണന ലഭിക്കാന്‍ കാരണം.