പ്രളയ ദുരിതാശ്വാസം എപ്പോള്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉത്തരമില്ല; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Jaihind Webdesk
Wednesday, December 5, 2018

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണത്തിലെ വീഴ്ച്ചകള്‍ സഭയില്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി. പ്രളയബാധിതര്‍ക്ക് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ എത്രരൂപ നല്‍കുമെന്നോ എപ്പോള്‍ നല്‍കുമെന്നോ വ്യക്തമാക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേരള പ്രളയത്തെക്കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹായം നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്നും 10000 രൂപയുടെ സഹായം കിട്ടാത്തവര്‍ ഇപ്പോഴുമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വില്ലേജ് ഓഫിസ് കയറിയിറങ്ങിയ വി.എസിന്റെ സഹോദരിയെ മുഖ്യമന്ത്രി മറക്കരുത്. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല സര്‍ക്കാര്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെയും രമേശ് ചെന്നിത്തല കണക്കിന് വിമര്‍ശിച്ചു. മോദിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി. കേന്ദ്രം കേരളത്തിലെ ജനത്തെ ശിക്ഷിക്കുകയാണ്. അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ആറന്‍മുള കണ്ണാടിയുമായിട്ടല്ല പോകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയക്കെടുതിയെക്കുറിച്ചുള്ള അടിയന്തരപ്രമേയചര്‍ച്ചയ്ക്കിടെ നിയമസഭ ഭരണപ്രതിപക്ഷ തര്‍ക്കത്തിനും സാക്ഷിയായി. നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്‍ വീഴ്ചയെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും പണം നല്‍കിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം, സാലറി ചാലഞ്ച് പൊളിക്കാന്‍ പ്രതിപക്ഷം കൂട്ടുനിന്നുവെന്ന് സജി ചെറിയാന്‍ എംഎല്‍എ ആരോപിച്ചു. ദുരിതാശ്വാസനിധിയില്‍ പണം നല്‍കരുതെന്ന് ക്യാംപയിന്‍ നല്‍കി. ശുചീകരണപ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടായെടുക്കുകയാണ് യുഡിഎഫുകാര്‍ ചെയ്തതെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി

അര്‍ഹര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. വീടിനരികിലൂടെ വെളളം പോയതിന് സി.പി.എമ്മുകാര്‍ക്ക് സഹായം കിട്ടി. കേന്ദ്രത്തെ കുറ്റം പറയാതെ കിട്ടാവുന്ന പണം വാങ്ങിയെടുക്കണമെന്ന് പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടി.

പ്രളയാനന്തര പുനഃനിര്‍മാണം സ്തംഭിച്ചുവെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. വി.ഡി.സതീശനാണ് അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി തേടി നോട്ടിസ് നല്‍കിയത്.[yop_poll id=2]