ക്ഷേമപെൻഷൻ വിതരണത്തിലെ പ്രതിസന്ധി സഭയില്‍; കുടിശ്ശിക ഉടൻ തീർക്കുമെന്ന് ധനമന്ത്രി, തിരഞ്ഞെടുപ്പില്‍ നിന്നും സര്‍ക്കാര്‍ പഠിച്ചില്ല, ജനങ്ങളെ പറ്റിക്കുന്നുവെന്ന് പ്രതിപക്ഷം

Jaihind Webdesk
Thursday, June 20, 2024

 

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണത്തിലെ പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിലൂടെ പി.സി. വിഷ്ണുനാഥ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. അതേസമയം പെൻഷൻ കുടിശ്ശിക വിഷയത്തിന് അടിയന്തര പ്രാധാന്യം ഇല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ഈ പ്രസ്താവനയെ ആഞ്ഞടിച്ച് പി.സി. വിഷ്ണു നാഥ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും സർക്കാൻ ഒരു പാഠവും പഠിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ്‌ ധനമന്ത്രിയുടെ നിലപാടെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു.

അതേസമയം വിഷയത്തിൽ പ്രതിപക്ഷം മുതലെടുപ്പ് നടത്തുകയാണെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. നിലവിൽ അഞ്ചു മാസത്തെ കുടിശ്ശിക ഉണ്ട്. ഇതിൽ ഒരു ഗഡു ഉടൻ കൊടുക്കും. സമയ ബന്ധിതമായി കുടിശ്ശിക കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വിഷയം അതീവ ഗുരുതരമാണെന്നും കുടിശ്ശികയുടെ കാര്യത്തിൽ സർക്കാൻ കള്ളം പറയുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് 18 മാസത്തെ കുടിശ്ശിക ഉണ്ടെന്ന പ്രസ്താവന തെറ്റാണ്. പെൻഷൻ അവകാശമല്ല സഹായമാണെന്ന് ഹൈകോടതിയിൽ സർക്കാർ സത്യവാങ് മൂലം നൽകി. ക്ഷേമ പെൻഷനിൽ നിന്ന് സർക്കാർ മെല്ലെ പിൻവാങ്ങുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു. പാവങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുവാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ എല്ലാ നികുതികളും കൂട്ടി സെസും ഏര്‍പ്പെടുത്തി എന്നിട്ടും പെന്‍ഷന്‍ നല്‍കുന്നില്ലെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ എന്ത് കൊണ്ട് എല്‍ഡിഎഫ് തോറ്റു എന്നറിയാൻ ഒരു നിർമ്മാണ തൊഴിലാളിയെ കണ്ടാൽ മതിയെന്നും അല്ലാതെ മൂന്നു ദിവസം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.