സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപണം;ഐസക്കിനെതിരേ പ്രതിപക്ഷത്തിന്‍റെ അവകാശലംഘന നോട്ടീസ്

Jaihind News Bureau
Monday, November 16, 2020

കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി.സി എ ജി റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ച് വി ഡി സതീശനാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകി നിയമസഭയുടെ അന്തസ്സ് ധനമന്ത്രി കളങ്കപ്പെടുത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തുവെന്നാണ് പ്രതിപക്ഷം നോട്ടീസിൽ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ്.

കിഫ്ബയെപ്പറ്റിയുള്ള സി.എജി റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് അദ്ദേഹത്തിന്‍റെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയില്‍ വെക്കുകയുമാണ് വേണ്ടത്. ഇതുണ്ടായില്ലന്നും സഭയില്‍ എത്തുന്നത് വരെ റിപ്പോര്‍ട്ടിന്‍റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ മന്ത്രി ബാധ്യസ്ഥനുമായിരുന്നുവെന്നും നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

സ്പീക്കർ നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് നോട്ടീസ് കൈമാറും. ലൈഫ് മിഷൻ വിവാദത്തിൽ ഇ ഡി യുടെ വിശദീകരണം പരിശോധിക്കാൻ ബുധനാഴ്ച എത്തിക്സ് കമ്മിറ്റി യോഗം ചേരുന്നതിനിടെ ഈ വിഷയവും പരിഗണിച്ചേക്കും.

ഇതിനിടെ മാത്യു കുഴൽനാടനും ധനമന്ത്രിയും ഒരേസമയം പത്രസമ്മേളനം വിളിച്ച് കിഫ്ബി വിവാദത്തിൽ കൊമ്പുകോർത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം സർക്കാരിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

https://youtu.be/9jv_6FHYHTY