ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ ജഗദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് നീക്കവുമായി പ്രതിപക്ഷം. രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍, ജയാ ബച്ചനെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇംപീച്ച്മെന്‍റ് നടപടിയിലേക്ക് പ്രതിപക്ഷം നീങ്ങിയത്. പ്രമേയത്തിന്മേലുള്ള നീക്കം തുടങ്ങിയതോടെ സമ്മേളനം വെട്ടിച്ചുരുക്കി രാജ്യസഭ പിരിഞ്ഞു.
രാജ്യസഭയില്‍ അധ്യക്ഷന്‍ ജയാ ബച്ചനെ ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ ‘ജയ അമിതാഭ് ബച്ചന്‍’ എന്ന് അഭിസംബോധന ചെയ്തതിനെത്തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്. താനൊരു അഭിനേത്രി കൂടിയാണെന്നും ഒരാളുടെ ബോഡി ലാംഗ്വേജും ഭാവപ്രകടനങ്ങളും കൃത്യമായി തനിയ്ക്ക് മനസിലാക്കാമെന്നും ജയാ ബച്ചന്‍ പറഞ്ഞു. അധ്യക്ഷന്‍റെ ഭാവം സഭയില്‍ സ്വീകാര്യമല്ലെന്നും തന്നെ അപമാനിച്ചെന്നും കൂട്ടിച്ചേർത്തു. അതിനാല്‍ അധ്യക്ഷന്‍ തന്നോട് മാപ്പ് പറയാതെ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറില്ലെന്നും ജയാ ബച്ചന്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി.
സംഭവത്തില്‍ ധന്‍കര്‍ പൊട്ടിത്തെറിക്കുകയും, ജയാ ബച്ചന്‍ നടിയാണെങ്കില്‍ സഭയിലെ സംവിധായകനാണ് താനെന്നും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞ് ക്ഷുഭിതനായി. തുടർന്ന് ജഗദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് പിന്നാലെ പ്രതിപക്ഷം നീങ്ങുകയാണ്. പ്രമേയത്തില്‍ എംപിമാര്‍ ഒപ്പ് വെയ്ക്കുന്ന നടപടികള്‍ തുടങ്ങി. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതിനാല്‍ ശൈത്യകാല സമ്മേളനത്തില്‍ നടപടികള്‍ തുടരും.